തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണെങ്കിലും എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിന് സ്വന്തം സംസ്ഥാനമായ കേരളത്തിന്‍റെ പിന്തുണയില്ല. കേരളത്തില്‍ നിന്നും 300ലധികമുള്ള കെപിസിസി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടെങ്കിലും സ്വന്തം വോട്ടൊഴികെ മറ്റാരുടെയും വോട്ട് ശശി തരൂരിന് ലഭിക്കാനിടയില്ല. മുന്‍ കെപിസിസി പ്രസിഡന്‍റുമാരും സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കന്മാരുമായ രമേശ് ചെന്നിത്തലയും കെ മുരളീധരനും നെഹ്‌റു കുടുംബത്തോടൊപ്പമാണ് കേരളത്തിന്‍റെ കൂറ് എന്ന് വ്യക്തമാക്കി പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.
രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ നെഹ്‌റു കുടുംബം പിന്തുണയ്‌ക്കുന്ന എഐസിസി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ മാത്രമേ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്‌ക്കുകയുള്ളൂ എന്ന കാര്യം ഇതിലൂടെ വ്യക്തമാണ്. സംസ്ഥാന കോണ്‍ഗ്രസിന് ഇപ്പോള്‍ ശക്തമായി നേതൃത്വം നല്‍കുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതുതന്നെയാണ് നിലപാട്. ഫലത്തില്‍ തരൂരിന് മത്സരിക്കാന്‍ സോണിയ ഗാന്ധി അനുമതി നല്‍കിയെങ്കിലും തരൂരിനെ പിന്തുണയ്‌ക്കാന്‍ കേരളം തയാറല്ല.
തരൂരിന്‍റെ മത്സരം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തു വന്നിട്ടില്ലെങ്കിലും മത്സരത്തിനിറങ്ങിയാല്‍ പിന്തുണയ്‌ക്കാന്‍ സ്വന്തം സംസ്ഥാനം പോലും ഉണ്ടാകില്ലെന്നത് തരൂരിനും തിരിച്ചടിയാണ്. അതേസമയം, എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കെപിസിസി പ്രമേയം പാസാക്കണമായിരുന്നു എന്ന അഭിപ്രായവും പൊതുവില്‍ ഉയര്‍ന്നിട്ടുണ്ട്.