തിരുവനന്തപുരം : പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെടുന്ന സര്‍വ കക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാ സംഘടനകളും അവരവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തിനാണ് സര്‍വകക്ഷിയോഗമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രകോപനപരമായ നിലപാടുകളെ ആരും പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്ന പ്രതിപക്ഷത്തിന്‍റെയും വിവിധ മതസംഘടനകളുടെയും ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മന്ത്രി വി.എൻ വാസവന്‍ പാലാ ബിഷപ്പിനെ സന്ദർശിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.
വിഎന്‍ വാസവന്‍ പാലാ ബിഷപ്പിനെ പിന്താങ്ങാനല്ല അവിടെ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.