തിരുവനന്തപുരം: നിർമല്‍ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി നിർമലനോട് നവംബർ 22ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം. തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.
നിർമൽ കൃഷ്‌ണ ചിട്ടി ഫണ്ടിൽ 76,0000 ലക്ഷം രൂപ നിക്ഷേപിച്ച ക്യാൻസർ രോഗിയായ വീട്ടമ്മ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നിർമലനോടൊപ്പം കേസിലെ മൂന്നാം എതിർകക്ഷിയായ റീസിവറോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായത് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവർ
700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി പേരാണ് വഞ്ചിക്കപെട്ടത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്കും നിർമലനും എതിരെ കേരളത്തിന് പുറമേ തമിഴ്‌നാട്ടിലെ എക്കണോമിക് ഒഫൻസ് വിംഗും കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മധുര കോടതിയിലും കേസ് നടന്നുവരികയാണ്.
read more: നിർമല്‍ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ്; നിർമ്മലൻ ഫെബ്രുവരി 19ന് ഹാജരാകണമെന്ന് കോടതി
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളായ നിർമ്മലനും കൂട്ടുപ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. നിർമലന്‍റെ ഭാര്യ രേഖ സഹോദരിമാരായ ലേഖ, ഉഷകുമാരി, ജയ, സ്ഥാപനത്തിന്‍റെ മാനേജർ ശേഖരന്‍റെ ഭാര്യ ശാന്തകുമാരി എന്നിവരാണ് മറ്റു പ്രതികൾ.
പാറശ്ശാലക്ക് സമീപം മത്തംപലയിൽ പ്രവർത്തിച്ചിരുന്ന നിർമല്‍ കൃഷ്ണ എന്ന ധനകാര്യ സ്ഥാപനം 15,000ത്തോളം നിക്ഷേപകരിൽ നിന്നായി 700 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.