തിരുവനന്തപുരം : നിപയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിയുടെ സ്രവം പരിശോധനയ്ക്ക് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു (Nipah Cases Thiruvananthapuram). പനിയെ തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ എത്തിയ തിരുവനന്തപുരം ഡെന്‍റൽ കോളജ് വിദ്യാർഥിയുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. നിലവിൽ രോഗിയെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചത്തോടെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണങ്ങൾ കണ്ട ആളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
എന്താണ് നിപ വൈറസ്: ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ വൈറസ്. ഇത് ഒരു സൂണോട്ടിക് വൈറസാണ്. അതായത്, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ആർഎൻഎ വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആയിരിക്കും ഇത് മനുഷ്യരിലേക്ക് പകരുന്നത്.
രോഗബാധിതരുമായി ഇടപഴകുന്നവരിലേക്ക് ഈ രോഗം പകരാം. അതുകൊണ്ട് തന്നെ രോഗിയെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
രോഗലക്ഷണങ്ങൾ: വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത് ചിലപ്പോൾ 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗിയിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ. അപൂർവമായി ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്.
രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ബോധക്ഷയം ഉണ്ടായി കോമ സ്‌റ്റേജിലെത്താനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത അണുബാധ മുതൽ അക്യൂട്ട് റെസ്‌പിറേറ്ററി അസുഖവും തലച്ചോറിനെ ബാധിക്കുന്ന മാരകമായ എൻസെഫലൈറ്റിസ് എന്നിവ വരെയുള്ള നിരവധി രോഗങ്ങൾക്ക് നിപ കാരണമാകുന്നു.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ് തുടങ്ങിയവയിൽ നിന്നെടുക്കുന്ന സാമ്പിളുകൾ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് രോഗ സ്ഥിരീകരണം നടത്തുന്നത്.
എന്തുകൊണ്ട് പൂനെ ഫലം?: കേരളത്തില്‍ കോഴിക്കോട് റീജ്യണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയും നിപ വൈറസ് പരിശോധനയ്ക്ക് സജ്ജമാണ്.
എന്നാല്‍ അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച്, ഒരിടവേളയ്ക്ക് ശേഷം ഔട്ട്‌ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ.
ഐസിഎംആറിന്‍റെ നിര്‍ദേശമാണിത്. അതിന് ശേഷമേ ഇവിടെയുളള ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.