എറണാകുളം: സ്വർണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻ.ഐ.എ. അഞ്ചു പ്രതികൾക്കായി വിചാരണ കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷയിലാണ് എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നായി നാലായിരം ജി.ബി ഡാറ്റയാണ് വീണ്ടെടുത്തത്. ടെലഗ്രാമിലെയും, വാട്ട്സപ്പിലെയും ചിത്രങ്ങളുംവീണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലും, പ്രതികളുടെ മൊഴികളിൽ വൈരുധ്യമുള്ളതിനാലും വീണ്ടും ചോദ്യചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. പ്രതികളായ സന്ദീപ് നായർ, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി എന്നിവരെ വെള്ളിയാഴ്ച വരെ എൻ.ഐ.കസ്‌റ്റഡിയിൽ വിട്ടു.
എൻ.ഐ.എ കസ്റ്റഡിയിൽ ആവശ്യപ്പെട്ട സ്വപ്ന സുരേഷിന്‍റെ കാര്യത്തിൽ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കോടതി തീരുമാനമെടുക്കും. മറ്റൊരു പ്രതി മുഹമ്മദ് അൻവറിനെ കസ്‌റ്റഡിയിൽ നൽകണമെന്ന ആവശ്യവും പിന്നീട് തീരുമാനിക്കും. ചില സാങ്കേതി പ്രശ്നങ്ങൾ കാരണമാണ് അൻവറിനെ ഇന്ന് കസ്റ്റഡിയിൽ വിടാതിരുന്നത്. അഞ്ചു ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യം. എന്നാൽ നേരത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ എൻ. ഐ.എ കസ്‌റ്റഡിയാണ് കോടതി അനുവദിച്ചത്.