തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായ രണ്ട് തീവ്രവാദികളെ എൻഐഎ ചോദ്യം ചെയ്യുന്നു. കണ്ണൂർ കൊയ്യം സ്വദേശിയും ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമായ ഷുഹൈബ്, ഉത്തർപ്രദേശ് ശരൺപൂർ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനുമായ മുഹമ്മദ് ഗുൽ നവാസ് എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വിമാനത്താവളത്തിൽ വച്ചു തന്നെ ഇവരെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തിരുവന്തപുരത്താണ് ഷുഹൈബിനെ ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം ഇയാളെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടു പോകും.
ബെംഗളൂരു സ്ഫോടന കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. തടിയന്‍റവിട നസീറിന്‍റെ അനുയായിയായ ഇയാളെ ബെംഗളൂരു തീവ്രവാദ വിരുദ്ധ സേനയും അന്വേഷിക്കുന്നുണ്ട്. എന്നാൽ മുഹമ്മദ് ഗുൽ നവാസിനെ കൊച്ചയിൽ എത്തിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. അവിടെ നിന്നും ഡൽഹിയിലേയ്ക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. പാകിസ്ഥാനില്‍ നിന്നും യുഎഇയിൽ നിന്നുമുള്ള ഹവാല പണം ഉപയോഗിച്ച് ലഷ്കർ ഇ ത്വയ്ബയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് ഗുൽ നവാസ്. വളരെ രഹസ്യമായ നീക്കത്തിലൂടെയാണ് റിയാദിൽ നിന്നും നാടുകടത്തിയ തീവ്രവാദികളെ തിരുവനന്തപുരത്തെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്.