തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാർഥികളായ അലനും താഹക്കുമെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസ് തിരികെ സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചതായി നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിപറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേസ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നത് പരിഗണനയിലാണ്. എന്‍ഐഎ ഭേദഗതി നിയമത്തിന്‍റെ ഏഴ് ബി വകുപ്പ് പ്രകാരം കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ സംസ്ഥാന സര്‍ക്കാരിന് കേസ് തിരികെ വിളിച്ച് അന്വേഷിക്കാം എന്ന വ്യവസ്ഥ പ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളായ അലന്‍ ഷുഹൈബിനും താഹാ ഫസലിനും എതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ പ്രത്യേക ഷെഡ്യൂളില്‍ പെടുത്തി യുഎപിഎ ചുമത്തിയത് കൊണ്ടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും അതിനാല്‍ കേസ് സംസ്ഥാന സര്‍ക്കാര്‍ തിരികെ ആവശ്യപ്പെടണമെന്നും ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ താന്‍ അമിത്ഷായ്ക്ക് കത്തെഴുതണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എല്‍ഡിഎഫിനെ തകർക്കാനാണ് പ്രതിപക്ഷം മാവോയിസ്റ്റുകളെ വല്ലാതെ ന്യായീകരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കിയിരുന്നു. അലനും താഹയും മാവേയിസ്റ്റുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം എന്നതും ശ്രദ്ധേയമാണ്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും അവര്‍ ചായകുടിക്കാന്‍ പോയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തതല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നേരത്തെയുള്ള പരാമര്‍ശം വിവാദമായിരുന്നു.