തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ശശി തരൂർ എംപിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും വാങ്ങി നൽകിയ ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കേണ്ട സമയത്താണ് സഹകരണ ബാങ്ക് അങ്കണത്തിൽ ആംബുലൻസ് ഉപയോഗശൂന്യമായി നശിക്കുന്നത്. ഒരു വർഷം മുമ്പാണ് ശശി തരൂർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങിയത്. ജില്ലാഭരണകൂടം വഴി ജനശ്രീക്ക് ആയിരുന്നു ഇതിന്‍റെ പരിപാലന ചുമതല.
എന്നാൽ വർഷം ഒന്നു പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് ഏതൊരു വിധ ഉപയോഗവും ഇല്ലാതെ നെയ്യാറ്റിൻകര തൊഴുക്കലിലെ കാർഷിക സഹകരണ ബാങ്ക് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുകയാണ് ആംബുലൻസ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആകെ രണ്ട് ആംബുലൻസുകളാണ് ഉള്ളത് അതിൽ ഒന്ന് തകരാർ പരിഹരിക്കാൻ കൊണ്ടുപോയിട്ട് ഇതുവരെ തിരിച്ച് എത്തിയിട്ടുമില്ല.
പലപ്പോഴും സ്വകാര്യ ആംബുലൻസുകളുടെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്. ആധുനിക സജ്ജീകരണങ്ങളോട് കുടിയ ആംബുലൻസിന്‍റെ വിലപിടിപ്പുള്ള പലഉപകരണങ്ങളും ഇന്ന് കാണാനില്ലെന്ന ആക്ഷേപവുമുണ്ട്. മലയോരതീരപ്രദേശത്തുളള പാവപ്പെട്ട രോഗിക്ക് സൗജന്യ സേവനം ഉറപ്പു വരുത്തുന്നതിന് വാങ്ങി നൽകിയ ഈ ആംബുലൻസിന്‍റെ സേവനം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.