തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ വയനാട്ടില്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തെ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് രണ്ട് വര്‍ഷം മുന്‍പ് കെ.സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തപ്പോള്‍ നെയ്യാര്‍ ഡാമില്‍ നടത്തിയ പ്രഖ്യാപനങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ 2021 സെപ്‌റ്റംബര്‍ 10ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്‍റുമാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ ശാലയില്‍ എടുത്ത തീരുമാനങ്ങളാണ് അന്ന് വാര്‍ത്ത സമ്മേളനത്തില്‍ സുധാകരന്‍ പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായി അധികാരം നഷ്‌ടപ്പെട്ട് നിരാശയിലാണ്ട കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശവും പ്രതീക്ഷയുമായിരുന്നു സുധാകരന്‍റെ കെപിസിസി പ്രസിഡന്‍റ് സ്ഥാനാരോഹണവും തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ പ്രഖ്യാപനവും. എന്നാല്‍ മുന്‍ഗാമികള്‍ക്കുണ്ടായ അതേ പ്രതിബന്ധങ്ങള്‍ സുധാകരന്‍ എന്ന താരതമ്യേന കരുത്തനായ നേതാവിനെയും പിടികൂടിയതോടെ നെയ്യാര്‍ ഡാം പ്രഖ്യാപനവും അതിന് ശേഷം നടന്ന കോഴിക്കോട് നവ സങ്കല്‍പ്പ ചിന്തന്‍ ശിബിര്‍ തീരുമാനങ്ങളും വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി.
നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസില്‍ ഡിസിസി പ്രസിഡന്‍റുമാരായി ചുമതലയേറ്റവര്‍ക്കായി അന്ന് നടത്തിയ ദ്വിദിന ശില്‍പ്പശാലയിലെടുത്ത പ്രധാന തീരുമാനം പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റും എന്നതായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇതിനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ് ഇതുവരെ സെമി കേഡറിലേക്ക് മാറിയില്ലെന്നതാണ് വാസ്‌തവം.
അന്ന് പ്രഖ്യാപിച്ച് ഇന്നും പ്രഖ്യാപനമായി തുടരുന്ന പ്രവര്‍ത്തകരെ കോരിത്തരിപ്പിച്ച നെയ്യാര്‍ ഡാം പ്രഖ്യാപനങ്ങള്‍ ഇവയാണ്:
- പാര്‍ട്ടിയെ സെമി കേഡര്‍ ശൈലിയിലേക്ക് മാറ്റും.
- അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യൂണിറ്റ് തലങ്ങളില്‍ പാര്‍ട്ടി കമ്മിറ്റി അഥവ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സിയുസി) കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ചുമതലകള്‍ വീതിച്ചു നല്‍കും
- ചുമതല നിര്‍വ്വഹണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും.
- ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാത്ത ഭാരവാഹികളെ ഒഴിവാക്കും.
- ഒരു നിയമസഭ മണ്ഡലത്തില്‍ ഒരു മണ്ഡലം പ്രസിഡന്‍റെങ്കിലും വനിതയായിരിക്കും.
- സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റു രീതിയിലോ നേതാക്കളെ അവഹേളിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
- വ്യക്തി കേന്ദ്രീകൃതമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പകരം പാര്‍ട്ടി കേന്ദ്രീകൃതമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
- പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങള്‍, പാര്‍ട്ടി പരിപാടികള്‍, ജാഥകള്‍, സമരങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ പെരുമാറ്റച്ചട്ടം രൂപീകരിക്കും.
- പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
- വിഭാഗീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
- പഞ്ചായത്തീരാജ്, നഗരപാലിക ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മണ്ഡലം തലത്തില്‍ മേല്‍നോട്ട സമിതികളുണ്ടാകും.
എന്നിവയായിരുന്നു കെപിസിസി പ്രസിഡന്‍റ് നെയ്യാര്‍ ഡാമില്‍ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇവയിലൊന്ന് പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. 2022 ജൂലൈ മാസത്തില്‍ കോഴിക്കോട് നടത്തിയ നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ ഒന്നു പോലും നടപ്പാക്കാനായിട്ടില്ല.
നെയ്യാര്‍ ഡാമില്‍ പ്രഖ്യാപിച്ച ആ അവാര്‍ഡുകള്‍ എവിടെ?
കെപിസിസി വിവിധ തലത്തിലുള്ള അവാര്‍ഡുകള്‍ നല്‍കുമെന്ന് 2021 സെപ്‌റ്റംബര്‍ മാസത്തില്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ നെയ്യാര്‍ ഡാമില്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് മുഖ പത്രമായ വീക്ഷണത്തിന്‍റെ പേരില്‍ സാഹിത്യ അവാര്‍ഡ്, കെ.എം.ചുമ്മാര്‍ സ്‌മാരക ചരിത്ര അവാര്‍ഡ്, സിപി ശ്രീധരന്‍ സ്‌മാരക പത്രപ്രവര്‍ത്തന അവാര്‍ഡ്, എ.വി.കുട്ടിമാളു അമ്മ സ്‌മാരക ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ് എന്നിവയാണ് പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും എന്‍ട്രികള്‍ ക്ഷണിച്ച് അവാര്‍ഡ് നല്‍കും എന്നായിരുന്നു പ്രഖ്യാപനം.
അതും കടലാസില്‍ തന്നെ. പാര്‍ട്ടിയുടെ പുന സംഘടനയാകട്ടെ അനന്തമായി നീണ്ടു പോകുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ രാജ്യത്താകമാനം സംഘടന പരമായി സജ്ജമാക്കാന്‍ ഉത്തരവാദിത്തമുള്ള എഐസിസി സംഘടന ജനറല്‍ സെക്രട്ടറിയുടെ സ്വന്തം സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയെന്തായിരിക്കും എന്ന് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യത്തില്‍ കഴമ്പില്ലാതില്ല.