തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി. തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് വിൽപ്പന നടത്തിയത്. കരമന സ്വദേശിയായ സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയത്. 11 ദിവസം മാത്രം പ്രായമായിരിക്കെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് ഇടപെടുകയും വിൽപ്പന തടയുകയുമായിരുന്നു. കുഞ്ഞിനെ വിറ്റ സംഭവത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചത് ശിശു ക്ഷേമ സമിതിക്കാണ്. ശിശു ക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്‌തത്.
കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. സംഭവത്തില്‍ ശിശു ക്ഷേമ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നൽകിയിട്ടുണ്ട്.
നിലവില്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആരാണെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വിഷയത്തില്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.