തിരുവനന്തപുരം: ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ ചുവടുവച്ച് കേരളം. പതിനാല് ജില്ലകളിലായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. 59.51 കോടി ചെലവിലാണ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ തുടർന്ന് ടൂറിസം മേഖലയ്ക്കുണ്ടായ മോശം സാഹചര്യത്തിൽ നിരാശപ്പെടേണ്ടതില്ല. ടൂറിസം മേഖലക്കേറെ പ്രയോജനപ്രദമായ പദ്ധതികൾക്കാണ് തുടക്കമായതെന്നും പരിസ്ഥിതിയ്ക്ക് പോറലേൽക്കാതെയാണ് സൗകര്യങ്ങളൊരുക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി തെക്കൻ കേരളത്തിലെ പ്രധാന ഹിൽസ്റ്റേഷനായ പൊൻമുടി ലോവർ സാനിട്ടോറിയത്തിന്‍റെ സൗന്ദര്യവൽക്കരണത്തിന് 2.07 കോടിയാണ് ചെലവഴിച്ചത്. ഇതിനു പുറമേ കുട്ടികൾക്കുള്ള കളിക്കളം, പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അപ്പർ സാനിട്ടോറിയത്തിൽ തിരക്കാകുമ്പോൾ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും കെഎസ്ആർടിസിയുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ലോവർ സാനിറ്റോറിയം ഉപയോഗിക്കാനാകും.