തിരുവനന്തപുരം: കേരളത്തിന് പുതിയ രണ്ട് ദ്വൈവാര ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ മന്ത്രാലയം (Ministry of Railways). എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ് (Ernakulam-Velankanni Express), കൊല്ലം-തിരുപ്പതി എക്‌സ്‌പ്രസ് (Kollam-Tirupati Express) എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്‌ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ് ആഴ്‌ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12.35ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാകും സർവീസ് നടത്തുക. ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളം എത്തുന്ന രീതിയിലാണ് തിരികെയുള്ള സർവീസ്. വർഷങ്ങളായുള്ള ഈ സ്പെഷ്യൽ ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുക.
കൊല്ലം തിരുപ്പതി എക്‌സ്‌പ്രസും ആഴ്‌ചയിൽ രണ്ടു ദിവസം സർവീസ് നടത്തും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേന്ന രാവിലെ 6.20ന് കൊല്ലത്ത് എത്തും. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തുന്ന രീതിയിലാണ് മടക്ക സർവീസ്. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണ് കൊല്ലം-തിരുപ്പതി ട്രെയിൻ സര്‍വീസ് നടത്തുക. ഈ ട്രെയിനുകൾ രണ്ടു ദിവസമാക്കി സർവീസ് കൂട്ടുന്നതോടെ തിരുപ്പതി, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കാവും കൂടുതൽ പ്രയോജനം കിട്ടുക.
പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ്, തൂത്തുക്കുടി വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. പാലരുവി എക്‌സ്‌പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നിലവിൽ പാലക്കാട് നിന്ന് തിരുനെൽവേലി വരെ സർവീസ് നടത്തുന്ന ട്രെയിൻ തൂത്തുക്കുടിയിലേക്ക് നീട്ടുന്നത് നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യും.
ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം-നിസാമുദ്ദീൻ എക്‌സ്‌പ്രസിന് കൊച്ചുവേളിയിലും സ്റ്റോപ്പ് അനുവദിച്ചു. മലബാർ എക്‌സ്‌പ്രസിന് പട്ടാമ്പിയിലും കൊച്ചുവേളി-ചണ്ഡിഗഡ് സമ്പർക്രാന്തി എക്‌സ്‌പ്രസിന് തിരൂരിലും പുതുതായി സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായി.
ഓണം സ്‌പെഷ്യൽ: ഓണക്കാലത്ത് നാഗർകോവിൽ നിന്നും കോട്ടയം കൊങ്കൺ വഴി പനവേലിലേക്ക് ഒരു സ്പെഷ്യൽ ട്രെയിനും അനുവദിച്ചു. സ്പെഷ്യലായി അനുവദിച്ച ട്രെയിനുകൾ അടക്കം ബുക്കിങ് ഇന്ത്യൻ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും; ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ സമയത്തിൽ മാറ്റം. നിലവിൽ ഉച്ചയ്‌ക്ക് 2.50ന് ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്‌ച (ഓഗസ്റ്റ് 20) മുതൽ ഒരു മണിക്കൂർ വൈകി 3.50നാകും പുറപ്പെടുക. 5.20-ഓടെയായിരിക്കും ട്രെയിന്‍ എറണാകുളത്ത് എത്തുക. പുതുക്കിയ സമയപ്രകാരം തൃശൂരിൽ 7.05-ന് എത്തുന്ന ട്രെയിൻ ഷൊര്‍ണൂരില്‍ 7.47നും കോഴിക്കോട്ട് 9.25-നും എത്തും. രാത്രി 12.05-നാണ് ട്രെയിൻ കണ്ണൂരില്‍ എത്തിച്ചേരുക. എന്നാൽ രാവിലെ കണ്ണൂരില്‍ നിന്നും ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമുണ്ടായിരിക്കില്ല.
ALSO READ : New Stop for 15 trains | 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ ; മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം