തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്‍റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാം. എന്നാല്‍ ഇത്തരത്തില്‍ സ്ഥാപിക്കുന്ന കൊടി തോരണങ്ങള്‍ ഗതാഗതത്തെ ബാധിക്കരുത്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ തടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുമതിയുണ്ട്.
പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ എന്തെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ അടിയന്തരമായി അവ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്‌പര്‍ദ്ധയ്ക്ക് ഇടയാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം.
കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ജില്ല കലക്‌ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ തേടണമെന്നും ജില്ല കലക്‌ടര്‍മാരും പൊലീസ് മേധാവികളും എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മാര്‍ച്ച് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.