തിരുവനന്തപുരം : മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളായ നൈലയെയും ലിയോയെയും ഒരുമിച്ച് ഒരു കൂട്ടിലേക്ക് മാറ്റി. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെ ജൂൺ 15നാണ് മന്ത്രി ജെ ചിഞ്ചു റാണി സന്ദർശക കൂട്ടിലേക്ക് മാറ്റിയത്. മന്ത്രി തന്നെയാണ് സിംഹങ്ങൾക്ക് നൈല, ലിയോ എന്നീ പേരുകൾ നൽകിയത്.
കടുവകളുടെ കൂടിന് സമീപത്തെ വലിയ കൂട്ടിൽ കമ്പി വല കൊണ്ട് മറച്ച് ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. സമീപത്തെ കൂടുകളിലാണ് പാർപ്പിച്ചതെങ്കിലും നേർക്കുനേർ കണ്ടാൽ നൈലയും ലിയോയും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരുമിച്ചാക്കിയത്.
ഒരു കൂട്ടിൽ കഴിയുന്ന സിംഹങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായാൽ ഇവയെ മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മുൻകൂട്ടി തയാറാക്കിയിട്ടുണ്ടെന്ന് വെറ്റിനറി സർജൻ ഡോ. അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. സിംഹങ്ങളുടെ പരസ്‌പരമുള്ള പെരുമാറ്റമടക്കം ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. നിലവിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നൈലയ്ക്ക് നാല് വയസും ലിയോയ്ക്ക് അഞ്ചര വയസുമാണ് പ്രായം. ചൊവ്വാഴ്‌ച മുതലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്.
പെൺ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല : സിംഹങ്ങൾക്കൊപ്പം തിരുപ്പതി മൃഗശാലയിൽ നിന്നെത്തിച്ച പെൺ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല. കഴിഞ്ഞ ദിവസം സെൻട്രൽ ലൈബ്രറി വളപ്പിലെ ആൽമരത്തിൽ തമ്പടിച്ചിരുന്ന കുരങ്ങ് വീണ്ടും രക്ഷപ്പെട്ടു. നിലവിൽ കുരങ്ങ് എവിടെയാണെന്ന് കണ്ടെത്താൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ല.
വഴുതക്കാട് ഫോറസ്റ്റ് ഓഫിസിന് സമീപത്തായി ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഇത് ജീവനക്കാർ സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതാണ് തിരിച്ചടിയായത്. ആൽമരത്തിന് മുകളിൽ തമ്പടിച്ചിരുന്ന കുരങ്ങിന് കയറിൽ കെട്ടിയാണ് ഭക്ഷണം നൽകിയിരുന്നത്.
പഴവും ആപ്പിളും മുന്തിരിയുമൊക്കെയാണ് നൽകിയിരുന്നത്. പെൺ കുരങ്ങ് രക്ഷപ്പെട്ട സാഹചര്യത്തിൽ ആൺ ഹനുമാൻ കുരങ്ങ് ഉടനൊന്നും സന്ദർശക കൂട്ടിലേക്ക് മാറാൻ സാധ്യതയില്ല. അതേസമയം, കുരങ്ങിനെ മയക്കുവെടി വച്ചോ ബലപ്രയോഗത്തിലൂടെയോ പിടിച്ച് കൂട്ടിലാക്കേണ്ടെന്ന നിലപാടിലാണ് അധികൃതർ.
ചൊവ്വാഴ്‌ച (ജൂണ്‍ 13) വൈകിട്ട് നാല് മണിയോടെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ട്രയൽ റൺ നടത്തുന്നതിനിടെയാണ് കുരങ്ങ് കൂട് വിട്ട് പുറത്ത് ചാടിയത്. 3-4 വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് പുറത്ത് ചാടിയത്.
നന്ദൻകോഡ് പരിസരത്ത് ആയിരുന്നു കുരങ്ങിന്‍റെ സാന്നിധ്യം പിന്നീട് മനസിലാക്കിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് ജീവനക്കാർ ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃഗശാലയ്ക്കുള്ളിലെ മരത്തിൽ ജീവനക്കാർ കുരങ്ങിനെ കണ്ടെത്തിയത്. ഹനുമാൻ കുരങ്ങ് മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപെടുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.
Also read : Hanuman monkey| 10 ദിവസം പിന്നിട്ടിട്ടും പിടിതരാതെ ഹനുമാന്‍ കുരങ്ങ്; മയക്കുവെടി വയ്‌ക്കില്ലെന്ന് അധികൃതര്‍