തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും മുതിർന്നവരുടെ വിദ്യാഭ്യാസത്തിനുമായുള്ള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പ്രസിദ്ധീകരിച്ചു. പ്രീ പ്രൈമറി മേഖലയിൽ നിലനിൽക്കുന്ന അന്തരങ്ങൾക്ക് മാറ്റം വരുത്താനും സാക്ഷരത മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ മാറ്റം പ്രയോജനപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
പ്രീ പ്രൈമറി ചട്ടക്കൂടിലെ പരാമർശങ്ങൾ: പ്രീ പ്രൈമറി സ്‌കൂളിൽ കുട്ടികളുമായുള്ള വിനിമയ ഭാഷ മാതൃഭാഷയാക്കണമെന്നും സമൂഹത്തിലെ എല്ലാവർക്കും പ്രീ പ്രൈമറി വിദ്യാഭ്യാസം ഉറപ്പാക്കണമെന്നുമാണ് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദേശം. പ്രീ സ്‌കൂളിലെ പഠനരീതി അന്വേഷണം - പരീക്ഷണം - വിശകലനം എന്ന രീതിയിലേക്ക് മാറണമെന്നും കുഞ്ഞുങ്ങളുടെ സ്ക്രീൻ നോട്ടത്തിന് നിയന്ത്രണമുണ്ടാവുന്ന രീതിയിലേക്ക് വിദ്യാഭ്യാസ രീതി മാറണമെന്നും എന്നാൽ കുട്ടികളുടെ താല്‍പര്യത്തിനും കഴിവുകൾക്കും പ്രാധാന്യം നൽകി വേണം പഠന സമീപനമെന്നും നിർദേശമുണ്ട്.
പ്രീ സ്‌കൂളിലെ ആയമാർക്ക് ഉചിതമായ സേവനകാല പരിശീലനം നൽകണമെന്നും കുട്ടികളുടെ ആരോഗ്യ പരിചരണവും സ്‌കൂളിൽ നടത്തണമെന്നും ചട്ടക്കൂടിൽ പറയുന്നു. പ്രീ സ്‌കൂളുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി ചെയർമാനായി സ്‌കൂളിൽ സമിതി രൂപീകരിക്കണം. കൂടാതെ അധ്യയന വർഷാരാംഭത്തിന് മുൻപ് വാർഷിക കലണ്ടർ പുറപ്പെടുവിക്കണമെന്നും ചട്ടക്കൂടിൽ നിർദേശം നൽകുന്നുണ്ട്.
ചട്ടക്കൂട് എന്തിന്: തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിനും തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിനും പ്രധാന്യം കൽപ്പിക്കണമെന്ന നിർദേശത്തോടെയാണ് മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസത്തിനുമായുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഒരുക്കിയിട്ടുള്ളത്. തൊഴിൽ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഭാഷ വിഭാഗത്തിൽ ഹിന്ദി ഭാഷയ്ക്ക് പുറമേ ജർമൻ, ഫ്രഞ്ച്, റഷ്യൻ, ചൈനീസ് ഭാഷകൾക്കും മുതിർന്നവരുടെ വിദ്യാഭ്യാസത്തിൽ പ്രാധാന്യം നൽകണമെന്ന് ചട്ടക്കൂടിൽ നിർദേശമുണ്ട്.
കൂടാതെ ബാങ്കിങ് മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചടക്കം പഠിപ്പിക്കുന്ന സാമ്പത്തിക വിദ്യാഭ്യാസത്തിനും ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വിദ്യാഭ്യാസത്തെയും ഉയർത്തി കൊണ്ടുവരാൻ നിർദേശമുണ്ട്. മതിയായ വ്യായാമം ചെയ്യാത്തതും അമിത ഉറക്കവും, ഭക്ഷണ രീതികളും പൊതു ജനങ്ങളുടെ ആരോഗ്യത്തെ വലിയതോതിൽ ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം.
സമൂഹത്തിൽ ആൺ, പെൺ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ തുല്യമായി പരിഗണിക്കുന്നതിനായി ലിംഗ നീതിയിൽ അടിസ്ഥാനമാക്കിയാവണം പഠനാന്തരീക്ഷമെന്നും ചട്ടക്കൂടിൽ നിർദേശിക്കുന്നുണ്ട്.