തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം (Mother On Police Custody In New Born Baby Death Case).
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ കൊലപ്പെടുത്തിയെന്നാണ് സുരിത പൊലീസിന് മൊഴി നൽകിയത്. കുട്ടിക്ക് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നു. മാത്രമല്ല ജനിച്ചപ്പോൾ മുതല്‍ ഭാരക്കുറവും ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ രോഗ ബാധിതയായ കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. സാമ്പത്തിക ഞെരുക്കം കാരണം കുഞ്ഞിന്‍റെ നൂല്‌ക്കെട്ട് നടത്തിയിരുന്നില്ല. സുരിതയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്‌ത് വരികയായിരുന്നു (New Born Baby Death Case).
സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ (ഡിസംബര്‍ 26) വൈകിട്ട് 6 മണിയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവ ശേഷം സുരിത പോത്തൻകോട് മഞ്ഞമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് പണിമൂലയിലുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയും വിവരം അറിഞ്ഞ സജി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു (Pothankodu New Born Baby Death).
പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയെ പുതച്ചിരുന്ന ടവ്വൽ കിണറിന് പരിസരത്ത് നിന്ന് കണ്ടെത്തി. ഇതോടെ അഗ്നി ശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തെരച്ചില്‍ നടത്തി. ഇതോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
also read: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ