തിരുവനന്തപുരം: മൃഗശാലയിൽ പുതിയ അതിഥികളെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്‌ടർ എസ് അബു. കര്‍ണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, വെള്ള മയിൽ, യമു, രണ്ട് ജോഡി കാട്ടുകോഴി എന്നിവയേയാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി എസ് അബുവിനൊപ്പം ഡോക്‌ടര്‍ അലക്‌സാണ്ടര്‍ ജേക്കബും ശ്രീ വെങ്കിടേശ്വര മൃഗശാലയിലെത്തി.
തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള മൃഗങ്ങളെ തെരഞ്ഞെടുത്തതായും അവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയതായും എസ് അബു ഇടിവി ഭാരതിനോട് പറഞ്ഞു. ഈ മാസം തന്നെ പുതിയ അതിഥികളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പകരമായി ചില മൃഗങ്ങളെ ശ്രീ വെങ്കടേശ്വര മൃഗശാലയിലേക്കും നൽകും.
നാല് കഴുതപ്പുലികൾ, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നി, മാനുകൾ, രണ്ട് ജോഡി സാംബിയറുകൾ എന്നിവയാണ് പകരമായി നൽകുന്നത്. മൃഗങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുമായി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നുള്ള സംഘവും തിരുവനന്തപുരത്തെത്തും. ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് മൃഗങ്ങളെ എത്തിച്ച ശേഷമാകും സംഘം തിരുവനന്തപുരത്തെത്തുക.
ഇത് കൂടാതെ ജൂൺ മാസത്തിൽ രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെയും മൃഗശാലയിലെത്തിക്കും. വിദേശ രാജ്യങ്ങളിലെ മൃഗശാലകളിൽ നിന്നടക്കം മൃഗങ്ങളെ എത്തിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുകയാണ്. നിലവിൽ മൃഗശാലയിൽ സീബ്രകളില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് സീബ്രകളെ എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും അറിയിച്ചിരുന്നു.
പുതിയ മൃഗങ്ങളെ അടക്കം എത്തിക്കാനുള്ള വലിയ പ്രവർത്തനത്തിലേക്കാണ് സർക്കാരും മൃഗശാല അധികൃതരും കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി മുൻ ഡയറക്‌ടര്‍മാർ അടക്കമുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദേശ മൃഗശാലകൾ സന്ദർശിച്ചതിന് ശേഷമായിരിക്കും നടപടിയെടുക്കുക. വരുംദിവസങ്ങളിലും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.