തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും കനത്ത ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് പോരാട്ടം മുറുകി. അവസാന ലാപ്പിൽ മൂന്ന് മുന്നണികളും വാശിയേറിയ പ്രചാരണവുമായി കളം നിറയുകയാണ്. വിജയത്തിൽ കുറഞ്ഞൊന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കുന്നു അവർ.
കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞ നേമത്ത് ഇത്തവണ താമര വാടതിരിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ. ശക്തനായ നേതാവ് കുമ്മനം രാജശേഖരനെ രംഗത്ത് ഇറക്കിയതും അതിൻ്റെ ഭാഗമാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ഉണ്ടായ മുന്നേറ്റം അവർക്ക് ആത്മവിശ്വാസം പകരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു കുമ്മനം. ആര് വന്നാലും നേമം എൻഡിഎക്ക് ഒപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുമ്മനവും ബിജെപിയും. കഴിഞ്ഞ തവണ മൂന്നാം സ്ഥാനാത്തായ യുഡിഎഫ് ഏറ്റവും ശക്തനായ കെ.മുരളീധരനെ തന്നെ രംഗത്ത് ഇറക്കി നേമം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. യുഡിഎഫിനെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. നേമത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പടെ പരിഗണിച്ച യുഡിഎഫ് അത്രയേറെ പ്രധാന്യമാണ് അവിടെ മത്സരിത്തിന് നൽകുന്നതെന്ന് വ്യക്തമാക്കുന്നു. ഒടുവിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം കെ.മുരളീധരൻ്റെ മാസ് എൻട്രി.
മുരളിയുടെ വരവോടെ ഏറെക്കുറെ നിർജീവമായ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ഉൾപ്പെടെ ആവേശം നിറച്ചിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്ന സന്ദേശം സംസ്ഥാനത്താകെ നൽകുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ നേട്ടത്തിൽ കൂടി കോൺഗ്രസ് കണ്ണു വയ്ക്കുന്നു. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി കഴിഞ്ഞു. നേമത്ത് ബിജെപി, സിപിഎം ഡീൽ ഉണ്ടെന്ന ആരോപണവും മുരളി ഉയർത്തുന്നു.
ഇടതുമുന്നണിക്ക് ഇത് അഭിമാന പോരാട്ടമാണ്. നേമത്ത് വിരിഞ്ഞ താമരയുടെ തണ്ട് ഒടിച്ച് ചെങ്കൊടി പാറിക്കാൻ ഉറച്ചു തന്നെയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. മുൻ എം.എൽ.എ വി.ശിവൻകുട്ടിയെ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി കളത്തിലിറക്കിയത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉൾപ്പടെ ചർച്ചയാക്കിയാണ് ഇടതു മുന്നണിയുടെ പ്രചാരണം. കെ.മുരളീധരൻ്റെ വരവ് കാര്യമായി കാണുന്നില്ലെന്നും ശിവൻകുട്ടി പറയുന്നു.
ഇടതു-വലതു മുന്നണികളെ മാറി മാറിത്തുണച്ച പാരമ്പര്യമുള്ള നേമം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ആ പതിവ് തെറ്റിച്ചത്. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാർഥി വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തി അന്ന് ഒ.രാജഗോപാൽ വിജയിച്ചത്. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് യുഡിഎഫിന്. വെറും 13860 വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാർഥിയായ ജെഡിയുവിലെ വി. സുരേന്ദ്രൻ പിള്ള നേടിയത്. അതുകൊണ്ട് തന്നെ യുഡിഎഫിനെ സംബന്ധിച്ച് നേമത്ത് നടക്കുന്നത് ജീവൻമരണ പോരാട്ടമാണ്.