വർഷം 1982. കെ കരുണാകരൻ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നു. ഒന്ന് തൃശൂർ ജില്ലയിലെ മാള, രണ്ട് തിരുവനന്തപുരം ജില്ലയിലെ നേമം. രണ്ടിടത്തും ജയിച്ച കെ കരുണാകരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. നേമത്തെ ഉപേക്ഷിച്ച്, മാളയില്‍ നിന്നുള്ള എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. കരുണാകരൻ ഉപേക്ഷിച്ച നേമത്ത് 1983 ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. കരുണാകരൻ ഉപേക്ഷിച്ച നേമം അതിന്‍റെ രാഷ്ട്രീയ സ്വഭാവം കാണിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഇ രമേശൻ നായരെ പരാജയപ്പെടുത്തി സിപിഎം നേതാവ് വിജെ തങ്കപ്പൻ നിയമസഭയിലെത്തി. 18 വർഷങ്ങൾക്ക് ശേഷം എൻ ശക്തനാണ് കോൺഗ്രസിന് വേണ്ടി 2001ല്‍ നേമം പിടിച്ചെടുക്കുന്നത്. ഈ കഥ പറഞ്ഞത്, നിലവില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേമം ഒരു വലിയ ചര്‍ച്ചയായത് കൊണ്ടാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞത് നേമത്താണ്. ബിജെപി നേതാവ് ഒ രാജഗോപാല്‍ സിറ്റിങ് എംഎല്‍എയും സിപിഎം നേതാവുമായ വി ശിവൻ കുട്ടിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2006ന് ശേഷം കോൺഗ്രസ് ഉപേക്ഷിച്ച മണ്ഡലത്തില്‍ ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡാണ് മത്സരിച്ചുവന്നത്. 2011ലും 2016ലും യുഡിഎഫ് നേമത്ത് മൂന്നാം സ്ഥാനത്തായിരുന്നു. 2006ല്‍ എൻ ശക്തൻ കോൺഗ്രസ് സ്ഥാനാർഥിയായി ജയിക്കുമ്പോൾ ലഭിച്ചത് 60,884 വോട്ടുകളാണ്. അത് 2016ല്‍ എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് 13,860 വോട്ടായി കുറഞ്ഞു. അതോടെ നേമത്ത് യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചു എന്ന് സിപിഎം ആരോപിച്ചു. ഇത്തവണ വി ശിവൻ കുട്ടിയെ തന്നെയാണ് സിപിഎം നേമത്ത് സ്ഥാനാർഥിയായി തീരുമാനിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാർഥിയായി മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനാണ് മുൻഗണന. പക്ഷേ കോൺഗ്രസിന്‍റെ സ്ഥിതി അതല്ല. നേമം തിരിച്ചു പിടിക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. ശക്തനായ സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക് വോട്ട് മറിക്കുന്നു എന്ന സിപിഎം ആരോപണത്തിന് മറുപടി നല്‍കാൻ കൂടിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഉദ്ദേശിക്കുന്നത്.
അങ്ങനെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ നേമത്തേക്ക് പരിഗണിച്ചത്. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന് രണ്ട് മാസം മുൻപ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് കോൺഗ്രസില്‍ ചർച്ചയായിരുന്നു. ഉടൻ തന്നെ ഉമ്മൻചാണ്ടി അത് നിഷേധിക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, സാഹചര്യം. ബിജെപിക്ക് ശക്തമായ ബദല്‍ കോൺഗ്രസാണ് എന്ന വികാരം സൃഷ്ടിക്കാൻ കഴിഞ്ഞാല്‍ അത് കേരളമാകെ പ്രതിഫലിക്കും എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. ബിജെപി ശക്തമായ മത്സരത്തിനിറങ്ങുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് ശക്തനായ സ്ഥാനാർഥിയെ തേടുന്നുണ്ട്.
പക്ഷേ ഗ്രൂപ്പ് സമവാക്യങ്ങളും ജയസാധ്യതയും മുന്നില്‍ കണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മാറി നില്‍ക്കുമോ എന്നത് സാധ്യത മാത്രമാണ്. എന്തായാലും കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ നല്‍കുന്ന സന്ദേശം ബിജെപിക്ക് എതിരെ ശക്തമായ സ്ഥാനാർഥികൾ ഉണ്ടാകും എന്ന് തന്നെയാണ്. അത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇനി പഴയ പടി ഉമ്മൻചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിച്ചാലും ഇതുവരെയുണ്ടായ ചർച്ചകൾ കോൺഗ്രസിന് സംസ്ഥാനത്ത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്ന് കരുതാം.
മുഖ്യമന്ത്രിയേയും രണ്ട് മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും പ്രോടെം സ്പീക്കറെയും കേരളത്തിന് സമ്മാനിച്ച നേമം വീണ്ടും രാഷ്ട്രീയ ചർച്ചയാകുകയാണ്. കേരളത്തില്‍ ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറന്നുകൊടുത്ത മണ്ഡലത്തില്‍ വീണ്ടും ജയിക്കുമെന്ന് ബിജെപി ആവർത്തിച്ച് പറയുമ്പോൾ സിപിഎമ്മും കോൺഗ്രസും പുറത്തെടുക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.