തിരുവനന്തപുരം : താഴ്‌വാരത്ത് മഴ മാറി നില്‍ക്കുകയാണെങ്കിലും നെല്ലിയാമ്പതി മല നിരകളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയും കോടമഞ്ഞും കാറ്റും തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും ചേര്‍ന്ന മത്തു പിടിപ്പിക്കുന്ന ദൃശ്യ ലഹരിയാണ് നെല്ലിയാമ്പതി മല നിരകള്‍ക്ക്. വീശിയടിക്കുന്ന കാറ്റിനൊപ്പമെത്തുന്ന മഴ, കോടമഞ്ഞിന്‍റെ അകമ്പടിയിലാണ് നെല്ലിയാമ്പതി കുളിരണിയുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ നിശ്ചയമായും കടന്നു വരേണ്ട ഒരിടം കൂടിയാണ് നെല്ലിയാമ്പതിയെന്ന് ഈ ദൃശ്യ വശ്യത നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
നെല്ലിയാമ്പതി... സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1,500 മീറ്റര്‍ ഉയരത്തില്‍ പശ്ചിമ ഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. പാലക്കാട് ജില്ലയെയും സമീപ ജില്ലകളെയും പാരിസ്ഥിതിക സമ്പന്നമാക്കുന്ന പ്രദേശം. 1958 ല്‍ രൂപീകൃതമായ നെന്മാറ വനം ഡിവിഷനു കീഴിലെ നെല്ലിയാമ്പതി റേഞ്ചിലാണ് നെല്ലിയാമ്പതിയുടെ സ്ഥാനം.
നെല്ലിയാമ്പതി റിസര്‍വ് വനമേഖലയുടെ ആകെയുള്ള 214 ചതുരശ്ര കിലോമീറ്ററില്‍ 2003 ചതുരശ്ര കിലോമീറ്ററും നെല്ലിയാമ്പതി വന മേഖല. ഇതില്‍ 38 ചതുരശ്ര കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളാണ്. ബ്രിട്ടീഷുകാരുടെ സമയത്ത് 25 എസ്റ്റേറ്റുകളാണ് വനം വകുപ്പിന്‍റെ പാട്ടഭൂമിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ 53 എസ്‌റ്റേറ്റുകളായി.
തേയിലത്തോട്ടങ്ങളുടെ വശ്യതയും പരിസ്ഥിതിയും നെല്ലിയാമ്പതിയുടെ എടുത്തു പറയേണ്ട പ്രത്യേകത. ഒരു ഭാഗത്ത് തമിഴ്‌നാടിന്‍റെ വരണ്ട മേഖലയും മറുഭാഗത്ത് പാലക്കാട് ജില്ലയും. ഇവിടെയാണ് നെല്ലിയാമ്പതി മലനിരകളുടെ പാരിസ്ഥിതിക പ്രാധാന്യം പ്രത്യേകം എടുത്തു പറയേണ്ടത്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്നത് താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന പോത്തുണ്ടി ഡാമിലാണ്.
മഴ സമൃദ്ധിയാല്‍ അനുഗ്രഹീതമാണ് നെല്ലിയാമ്പതി. പ്രതിവര്‍ഷം 1,200 മുതല്‍ 3,200 സെന്‍റിമീറ്റര്‍ വരെ മഴയാണ് നെല്ലിയാമ്പതി മല നിരകളില്‍ പെയ്യുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ എന്നീ ജില്ലകളുടെ ദാഹമകറ്റുന്നത് നെല്ലിയാമ്പതിയിലെ മഴയെ ആശ്രയിച്ചാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ കുടിവെള്ള പദ്ധതികള്‍ പൂര്‍ണമായും പോത്തുണ്ടി ഡാമിനെ ആശ്രയിച്ചാണ്. പോത്തുണ്ടി ഡാമിന് മാത്രമല്ല, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കാവേരി എന്നീ നദികള്‍ക്കും നെല്ലിയാമ്പതി മല നിരകളിലെ വെള്ളം സമൃദ്ധമായി ലഭിക്കുന്നുണ്ട്. കേരളത്തിന്‍റെ നെല്ലറകളിലൊന്നായ പാലക്കാട് ജില്ലയെ നെല്‍കൃഷി സമ്പന്നമാക്കുന്നതിലുമുണ്ട് നെല്ലിയാമ്പതിക്ക് പങ്ക്.
പോത്തുണ്ടി ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് 5,000 ഹെക്‌ടറില്‍ നെല്‍കൃഷി നടത്തുന്നു എന്നറിയുന്നിടത്താണ് നമുക്ക് അന്ന മൂട്ടുന്നതില്‍ പോലും നെല്ലിയാമ്പതി മലനിരകള്‍ക്കുള്ള പങ്ക് വ്യക്തമാകുന്നത്. വനവും തോട്ടവും കെട്ടുപിണഞ്ഞു കിടക്കുന്ന വ്യത്യസ്‌തമായ പരിസ്ഥിതിയും ആവാസ വ്യവസ്ഥയുമാണ് നെല്ലിയാമ്പതിയുടേത്. കേരളത്തിന്‍റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലിന്‍റെ ആവാസ കേന്ദ്രമാണ് നെല്ലിയാമ്പതി.
ഇത്രയധികം വേഴാമ്പലിനെ മറ്റൊരിടത്തും കാണാനാകില്ലെന്ന് പല കുറി ഇവിടം സന്ദര്‍ശിച്ചിട്ടുള്ള പ്രസിദ്ധ വന്യ ജീവി ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്‍ പറയുന്നു. എല്ലാവരും കരുതും പോലെ ഇരവികുളം വന്യ ജീവി സങ്കേതത്തില്‍ മാത്രമല്ല വരയാടുകളുള്ളത്. നെല്ലിയാമ്പതിയും വരയാടുകളുടെ ആവാസ കേന്ദ്രം കൂടിയാണ്. ഇതിന് പുറമേ പുള്ളിപ്പുലി, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത്, ആന, വിവിധയിനം ഉരഗ വര്‍ഗങ്ങള്‍ എന്നിവയും ഇവിടെ സുലഭമാണ്.
വെബ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടും പോലെ കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രമോ ഹോട്ടല്‍, ഹോം സ്‌റ്റേ താമസം ആസ്വദിക്കുന്നതിനുള്ള ഇടമോ മാത്രമായി നെല്ലിയാമ്പതിയെ ചുരുക്കരുത്. പ്രകൃതിയെ അറിയാനും പഠിക്കാനും ആസ്വദിക്കാനും സ്‌നേഹിക്കാനും മനസുള്ള ആരെയും എപ്പോഴും നെല്ലിയാമ്പതി മാടി വിളിച്ചു കൊണ്ടേയിരിക്കും.