തിരുവനന്തപുരം : രണ്ട് മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് മാണി വിഭാഗം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് നിലപാട് അറിയിച്ചത്. ഇതേ തുടർന്ന് ധാരണയാകാതെ ചർച്ച പിരിഞ്ഞു. ചർച്ചകൾ തുടരുമെന്ന് ജോസ് കെ മാണി അറിയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കാനാണ് സാധ്യത. അതേസമയം എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. ആര് മന്ത്രിയാകണമെന്നതിൽ 18ന് ചേരുന്ന പാർട്ടി യോഗം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു.
ജനതാദൾ(എസ് ), എൽജെഡി എന്നിവരുമായി നടത്തിയ ചർച്ചയിൽ ലയനം എന്ന ആവശ്യം സിപിഎം ആവർത്തിച്ചു. എൽജെഡിയാണ് ലയനത്തിന് തടസം നിൽക്കുന്നതെന്ന് ജെഡിഎസ് അറിയിച്ചു. എന്നാൽ ലയനത്തിൽ സങ്കേതിക തടസങ്ങൾ ഉണ്ടെന്ന നിലപാടിലാണ് എൽജെഡി. ഒരംഗം മാത്രമുള്ള കക്ഷികൾക്ക് മന്ത്രി സ്ഥാനം നൽകേണ്ടതില്ലെന്ന് നേരത്തെ തീരുമാനമായതിനാൽ എൽജെഡിക്ക് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത മങ്ങിയിട്ടുമുണ്ട്. ലയിച്ചുവന്നാൽ മന്ത്രിസ്ഥാനം നൽകുന്നത് പരിഗണിക്കാമെന്ന് സിപിഎം നേരത്തെ എൽജെഡിയെ അറിയിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്: ഘടകകക്ഷികളുടെ മന്ത്രിമാര്‍; ഒന്നാം ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്. ഐഎൻഎൽ, കേരള കോൺഗ്രസ്(ബി), ജനാധിപത്യ കേരള കോൺഗ്രസ് എന്നിവരുമായുള്ള ഉഭയകക്ഷി ചർച്ച നാളെ നടക്കും. സിപിഐയുമായുള്ള രണ്ടാം ഘട്ട ചർച്ചയും ഇന്നും നാളെയുമായി നടക്കും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും വിട്ടുനൽകാൻ സിപിഐ സമ്മതം അറിയിച്ചിട്ടുണ്ട്.