തിരുവനന്തപുരം: കിള്ളി -മേച്ചിറ റോഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പ്രതിദിനം ഈ റോഡിലൂടെ കടന്നുപോകുന്നത്. നിലവിൽ റോഡിന്‍റെ ശോചനീയാവസ്ഥ കാരണം കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കിള്ളിയിൽ നിന്ന് മൂങ്ങോട് തച്ചോട്ടുകാവ് പ്രദേശത്തേക്ക് എത്താവുന്ന എളുപ്പമാർഗമാണിത്. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ ആശുപത്രി ആവശ്യങ്ങൾക്ക് പോലും ഓട്ടോറിക്ഷയോ, ടാക്‌സിയോ സവാരി വരാത്ത അവസ്ഥയാണിപ്പോൾ.
മുൻ എംഎൽഎ ശക്തനും നിലവിലെ എംഎൽഎ ഐ.ബി സതീഷും റോഡ് നവീകരണത്തിന്‍റെ പേരിലുള്ള ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ഈറോഡിൽ പാറക്കഷണങ്ങൾ ഇളകി അപകടങ്ങൾ പതിവാകുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കുഴി നികത്തൽ പരിപാടികളിൽ ഒതുക്കാതെ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.