തിരുവനന്തപുരം: നെടുമങ്ങാട് പുതുക്കുളങ്ങര പൊങ്ങല്ലി പാലം തകർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും മൗനം തുടര്‍ന്ന് അധികൃതര്‍. പാലത്തിൽ നിന്ന് കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകളും തകർന്ന നിലയിലാണ്. അഞ്ച് വർഷത്തിലധികമായി തകർന്ന പാലത്തിനെ അധികൃതർ അവഗണിച്ചിരിക്കുകയാണ്.
പാലത്തിന് കൈവരികൾ ഇല്ല എന്നുള്ള കാര്യo നാട്ടുകാർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെടല്‍ നടത്തിയിട്ടില്ല. ഇതുകാരണം സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അപകടകരമായ സാഹചര്യത്തിലാണ് ഇതിലൂടെ കടന്നുപോകുന്നത്. വേനൽക്കാലത്ത് ഉൾപ്പെടെ പ്രദേശവാസികളുടെ പ്രധാന കുളിക്കടവ് കൂടിയാണ് ഇവിടം. എന്നാൽ കുളിക്കടവിലേക്കിറങ്ങുന്ന പാലത്തിനടിയിലെ കരിങ്കൽ കെട്ടുകൾ തകർന്നിട്ട് വർഷങ്ങൾ പിന്നിടുകയാണ്.
പ്രദേശവാസികൾ പട്ടണത്തിലേക്ക് പോകാന്‍ പ്രധാനമായി തെരഞ്ഞെടുക്കുന്ന വഴികളിലൊന്നാണ് ഈ പാലം. പാലത്തിന് അനുബന്ധമായി പോകുന്ന റോഡിന്‍റെ നിലയും ശോചനീയം ആണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് പാലവും കുളിക്കടവും ഉപയോഗ യോഗ്യമാക്കി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.