തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് എന്‍.ഡി.എ പ്രകടന പത്രിക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ക്ഷേമ പെന്‍ഷനുകള്‍ 3500 രൂപയാക്കും. ലൗ ജിഹാദിനെതിരെയും ശബരിമല ആചാര സംരക്ഷണത്തിനും നിയമനിര്‍മാണം കൊണ്ടു വരും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ് നല്‍കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി ആറ് പാചക വാതക സിലിണ്ടര്‍ നല്‍കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
എല്ലാവര്‍ക്കും വീടും കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കും. ഭൂരഹിതരായ പട്ടിക ജാതി, പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കും. കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കും. ബിപിഎല്‍ വിഭാഗത്തിലെ കിടപ്പു രോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം. മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം. സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷി രാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണ വ്യവസ്ഥ. മുതല്‍മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.