തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യയുടെ ദുരൂഹ മരണത്തിന്‍റെ അന്വേഷണ ചുമതല തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്‍റെ നേതൃത്വത്തില്‍ നടക്കും. മരണത്തില്‍ ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ടായതായി വകുപ്പുതല പരിശോധനയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണത്തിന്‍റെ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
മൂന്ന് വര്‍ഷം മുന്‍പ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നയന സ്വയം മുറിവേല്‍പ്പിക്കുന്ന രോഗത്തിന് അടിമയെന്നായിരുന്നു മ്യൂസിയം പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നയനയുടെ മരണത്തിന് കാരണം കഴുത്തിനേറ്റ പരിക്കാണെന്നായിരുന്നു. കൂടാതെ നയനയുടെ അടിവയറ്റില്‍ ആഴത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്നും വ്യക്തമാക്കുന്ന മൃതദേഹ പരിശോധന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. മതിയായ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാതെ കേസ് ഫയല്‍ അവസാനിപ്പിച്ച മ്യൂസിയം പൊലീസിന്‍റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.