തിരുവനന്തപുരം : സംവിധായിക നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവുണ്ടായതായി കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.ശശികലയാണ് നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.
നയനയുടെ കഴുത്തിലുണ്ടായിരുന്ന ഉരഞ്ഞ പാട് രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായത്. പോസ്റ്റുമോർട്ടം വർക്ക് ബുക്കിലെ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത് നയനയുടെ കഴുത്തിൽ 1.5 സെന്‍റിമീറ്റർ പാടുണ്ടെന്നായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 31.5 സെന്‍റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ട് എന്നാണ് രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ചാണ് ഈ പിഴവ് കണ്ടെത്തിയത്. സംഭവം ടൈപ്പ് ചെയ്‌തതിലുണ്ടായ പിഴവാണെന്ന് ഡോ.ശശികല ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണത്തിന് കാരണമെന്നാണ് ഡോ.ശശികലയുടെ നിഗമനം. ക്രൈംബ്രാഞ്ച് നയനയുടെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ പിഴവ് കണ്ടെത്തിയത്.
അതേസമയം, നയനയുടെ മരണം പരിക്ക് മൂലമല്ലെന്നും ഹൃദയാഘാതമാണെന്നുമുള്ള വിലയിരുത്തലിലാണ് മെഡിക്കൽ ബോർഡ്. മരണത്തിൽ മെഡിക്കൽ ബോർഡിന്‍റെ അന്തിമ റിപ്പോർട്ട് നിർണായകമാകും. നയന സൂര്യന്‍റെ മരണത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ പുനരന്വേഷണം വിലയിരുത്താൻ മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് കണ്ടെത്തൽ.
മുൻപ് നടന്ന പോസ്റ്റുമോർട്ടത്തിൽ മരണ കാരണം ശരീരത്തിനേറ്റ പരിക്കെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ക്രൈം ബ്രാഞ്ചിന്‍റെ പുനരന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാനസിക രോഗ വിദഗ്‌ധർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് യോഗത്തിലാണ് പുതിയ കണ്ടെത്തൽ. ഇനി മെഡിക്കൽ ബോർഡിന്‍റെ അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടരന്വേഷണം.
20 ദിവസങ്ങൾക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. മയോകാർഡിയൽ ഇൻഫ്രാക്ഷനാണ് (ഹൃദയാഘാതം) മരണ കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. പതിയെ ഉണ്ടാകുന്ന ഹൃദയാഘാതമാണിത്.