തിരുവനന്തപുരം: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ തലത്തിലെ താര പ്രചാരകരെ രംഗത്തിറക്കി മുന്നണികള്‍. താരപ്രചാരകരില്‍ ഏറ്റവും പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും.
പ്രമുഖ നേതാക്കളില്‍ ആദ്യം എത്തുന്നത് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയുമാണ്. ഈ മാസം 23ന് എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് 23 മുതല്‍ 28വരെ എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നയിക്കും
മാര്‍ച്ച് 30നും ഏപ്രില്‍ ഒന്നിനും നരേന്ദ്ര മോദി കേരളത്തിലുണ്ടാവും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാര്‍ച്ച് 24, 25 ഏപ്രില്‍ മൂന്ന് തിയതികളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മാര്‍ച്ച് 27നും ഏപ്രില്‍ ഒന്നിനുമാണ് പ്രചാരണത്തിനെത്തുന്നത്. മാര്‍ച്ച് 21ന് എന്‍ഡിഎ പ്രചാരണ വേദിയിലെത്തുന്ന തെന്നിന്ത്യന്‍ സിനിമാ താരം വിജയശാന്തി ഒരാഴ്ചയോളം കേരളത്തിലെ വിവിധ ജില്ലകളിലുണ്ടാവും.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, ബിപ്ലവ് കുമാര്‍ ദേബ് എന്നിവരും ബിജെപിക്കു വേണ്ടി കേരളത്തില്‍ പ്രചാരണത്തിനെത്തും. തിയതികള്‍ സംബന്ധിച്ച ചില ആശയക്കുഴപ്പമുണ്ടെങ്കിലും യുഡിഎഫിനു വേണ്ടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാര്‍ച്ച് 22ന് ശേഷം എത്തും. മൂന്ന് ഘട്ടങ്ങളായി പ്രിയങ്ക തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, സച്ചിന്‍ പൈലറ്റ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍ എന്നിവരാണ് യുഡിഎഫിനു വേണ്ടി പ്രചാരണത്തിനെത്തുക.
സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ മാര്‍ച്ച് 25 മുതല്‍ 28വരെ കേരളത്തില്‍ പ്രചാരണം നടത്തും. സിപിഐയുടെ താരപ്രചാരകന്‍ കനയ്യകുമാര്‍ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും കേരളത്തിലുണ്ടാകും. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അമര്‍ജിത് കൗര്‍ എന്നിവരും എല്‍ഡിഎഫ് പ്രചാരണ യോഗങ്ങളില്‍ അണിനിരക്കും.