തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട എഡിജിപി ഇന്‍റലിജൻസ് തയ്യാറാക്കിയ സുരക്ഷ സ്‌കീം ചോർന്ന സംഭവത്തിൽ കേസെടുത്ത് പൊലീസ്. കന്‍റോൺമെന്‍റ് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്വമേധയായാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത്.
ഇന്‍റലിജൻസ് മേധാവി തയ്യാറാക്കിയ സുരക്ഷ സ്‌കീം ചോർന്നത് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്‌ചയാണെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച 49 പേജുള്ള സമഗ്ര വിശദാംശങ്ങളുള്ള വിവരങ്ങളാണ് ചോർന്നത്. ഇതിൽ സുരക്ഷ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളടക്കം പരാമർശിച്ചിരുന്നു.
കേരളത്തിലെത്തുന്ന മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന വിവരവും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മാത്രമല്ല വിവിധ സംഘടനകൾ മോദിക്ക് നേരെ ഉയർത്തിയ ഭീഷണികളും പുൽവാമയിലെ തീവ്രവാദ ആക്രമണം, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ജാഗ്രതയോടെ കാണണം എന്നതടക്കമുള്ള വിവരങ്ങളും പൊലീസിൽ നിന്ന് ചോർന്ന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
രേഖ ചോർന്നത് ഏപ്രിൽ 22ന്: കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരത്തിലുള്ള നിർണായക വിവരങ്ങൾ നൽകുന്നത്. ഈ റിപ്പോർട്ട് ചോർന്നതിലാണ് ആശങ്ക നിലനിൽക്കുന്നത്. ഏപ്രിൽ 22നാണ് ഈ രേഖ ചോർന്നത്.
പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന അതാത് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് വിശദമായ വിവരങ്ങളടങ്ങിയ ഈ സുരക്ഷ സ്‌കീം കൈമാറുന്നത്. എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷ സ്‌കീം ചോർന്ന സാഹചര്യത്തിൽ മാറ്റം വരുത്തി പുതിയതാണ് പിന്നീട് തയ്യാറാക്കിയത്.
തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് 24ന് മോദി കേരളത്തിലെത്തിയത്. 24ന് കൊച്ചിയിൽ എത്തിയ മോദി യുവം പരിപാടിയിൽ പങ്കെടുത്തിരുന്നു. 25ന് രാവിലെ 10.30ന് മോദി തിരുവനന്തപുരത്തെത്തി. രാവിലെ 11.12ന് വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു.
'മോദി പറഞ്ഞത്': തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷമാണ് മോദി മടങ്ങിയത്. രാജ്യത്തിന്‍റെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ പറഞ്ഞു. അതിനുകാരണം കേന്ദ്രത്തിലെ ശക്തമായ സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ | ഇന്‍റലിജന്‍സിന്‍റെ സുരക്ഷാസ്‌കീം ചോർന്നു ; പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്‌ച
വന്ദേഭാരത് ട്രെയിനുകൾ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. രാജ്യത്ത് റെയിൽവേ അതിവേഗം മാറുകയാണ്. പൊതുഗതാഗത സംവിധാനം ആധുനികമാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന്‍റെ കാർഷിക ഉത്‌പന്നങ്ങളെ ലോകവിപണിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തും. വന്ദേ ഭാരത് യാത്രയുടെ നവ്യാനുഭവം രാജ്യത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയേയും അർബൻ ട്രാൻസ്‌പോർട്ട് മേഖലയേയും ആധുനികവത്ക്കരിക്കാനുള്ള നവീന പദ്ധതികൾ നടപ്പിലാക്കും.
രാജ്യത്തെ റെയില്‍വേ ഗതാഗത വികസനം അതിവേഗം കുതിക്കുന്നു. ആധുനിക യാത്രാസംവിധാനം ഒരുക്കുന്ന ഹബ്ബായി റെയില്‍വേ മാറിയിരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്കാണ് കുതിക്കുന്നത്. വന്ദേഭാരത് സംസ്ഥാനത്തിന്‍റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വര്‍ധിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് ട്രെയിനുകൾ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വളരെ വേഗത്തിൽ വേഗതയേറിയ യാത്രയുടെ നവ അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.