തിരുവനന്തപുരം: രാജ്യത്തിന്‍റെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് കാരണം കേന്ദ്രത്തിലെ ശക്തമായ സർക്കാർ ആണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും തറക്കല്ലിടലും നിർവഹിച്ച ശേഷം നരേന്ദ്ര മോദി പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ മാറുന്ന ഇന്ത്യയുടെ അടയാളമാണെന്നും മോദി പറഞ്ഞു. രാജ്യത്ത് റെയിൽവേ അതിവേഗം മാറുകയാണ്. പൊതുഗതാഗത സംവിധാനം ആധുനികമാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന്‍റെ കാർഷിക ഉത്‌പന്നങ്ങളെ ലോകവിപണിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തും.
വന്ദേ ഭാരത് യാത്രയുടെ നവ അനുഭവം: രാജ്യത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയേയും അർബൻ ട്രാൻസ്‌പോർട്ട് മേഖലയേയും ഇവയെല്ലാം ആധുനികവത്ക്കരിക്കാനുള്ള നവീന പദ്ധതികൾ നടപ്പിലാക്കും. രാജ്യത്തെ റെയില്‍വേ ഗതാഗത വികസനം അതിവേഗം കുതിക്കുന്നു. ആധുനിക യാത്രാ സംവിധാനം ഒരുക്കുന്ന ഹബ്ബായി റെയില്‍വേ മാറിയിരിക്കുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്കാണ് കുതിക്കുന്നത്. വന്ദേ ഭാരത് സംസ്ഥാനത്തിന്‍റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വര്‍ധിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് ട്രെയിനുകൾ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വളരെ വേഗത്തിൽ വേഗതയേറിയ യാത്രയുടെ നവ അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാട്ടർ മെട്രോ രാജ്യത്തിന് മാതൃക: രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ വരുന്നതോടെ കൊച്ചിയിലെ ഗതാഗത പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും. വിദൂര പ്രദേശങ്ങളിലുള്ളവർക്ക് കേരളത്തിൽ നടത്തുന്ന ഇത്തരം പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി മാറും. കൊച്ചി ഷിപ്പ്‌യാർഡിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
ഡിജിറ്റൽ കണക്‌ടിവിറ്റിക്ക് രാജ്യം പ്രഥമ പരിഗണനയാണ് നൽകുന്നത്. ഡിജിറ്റൽ സയൻസ് പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികളെ പ്രശംസിക്കുന്നു. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് ഇത് പ്രചോദനമാകും. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്.
റെയിൽവേ സുവർണ കാലഘട്ടത്തില്‍: ഇന്ത്യൻ റെയിൽവേ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിനിപ്പോൾ മുൻപത്തെ സർക്കാറിന്‍റെ കാലത്ത് ലഭിച്ചതിലും അഞ്ചിരട്ടി തുകയാണ് ലഭിക്കുന്നത്. കേരള–ഷൊർണൂർ മേഖലയിലെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാകുമ്പോൾ സെമി ഹൈസ്‌പീഡ് ട്രെയിനുകൾ ഓടിക്കാനാകും.
കേരളത്തിലെ മൂന്ന് പ്രധാന സ്റ്റേഷനുകൾ ആധുനികവത്ക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവ റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല ട്രാൻസ്‌പോർട്ട് ഹബ്ബുകൾ കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 ബജറ്റിൽ പത്ത് ലക്ഷം കോടി രൂപയിലധികമാണ് അടിസ്ഥാന വികസങ്ങൾക്കായി മാറ്റിവച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾ ലോകം മുഴുവൻ ചർച്ചചെയ്യുകയാണ്. 5-ജി ടെക്‌നോളജി രാജ്യം സ്വന്തമായി തയ്യാറാക്കിയതാണ്. രാജ്യത്തിന്‍റെ വികസന ശക്തിയുടെ ഗുണം പ്രവാസികൾക്കും ലഭിക്കുന്നുണ്ട്.
സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്‌ചപ്പാടാണ് കേന്ദ്ര സർക്കാരിനുള്ളത്. അടുത്തിടെ കുമരകത്ത് വച്ച് ജി-20 കൂടിക്കാഴ്‌ച നടന്നു. ഇതിന്‍റെ ലക്ഷ്യം ലോകത്താകമാനം കേരളത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ്. വികസിത ഭാരത നിർമാണത്തിനായി എല്ലാവരും കൈകോർക്കണമെന്നും വന്ദേ ഭാരത്, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികൾ ഇതിന് സഹായമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: 'ത്രില്‍ഡാണ്, എക്‌സൈറ്റഡാണ്' ; വന്ദേഭാരത് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാർ പറയുന്നത്