തിരുവനന്തപുരം : സ്വന്തം അനുഭവം എന്ന പേരില്‍ ചിത്രീകരിച്ച സിനിമയുടെ പ്രമോഷനായി നമ്പി നാരായണന്‍ നിയമ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്.വിജയന്‍. ഇപ്പോഴത്തെ സിബിഐ കേസും എഫ്.ഐ.ആറും ഈ നീക്കത്തിന്‍റെ ഭാഗമാണെന്ന് എസ് വിജയൻ ആരോപിച്ചു.
പിന്നാക്ക സമുദായക്കാരനായ നമ്പി നാരായണന്‍ എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എസ് വിജയൻ ആരോപിച്ചു. ഐഎസ്ആര്‍ഒഎയിലെ ഉദ്യോഗസ്ഥരില്‍ ആരും നമ്പി നാരായണന് വേണ്ടി കരഞ്ഞിട്ടില്ല.
പല പ്രമുഖരും ഒന്നുമില്ലാതെ പിരിഞ്ഞുപോകുമ്പോഴാണ് സ്വയം പിരിഞ്ഞു പോയയാള്‍ക്ക് പത്മ വിഭൂഷണ്‍ വരെ നല്‍കിയിരിക്കുന്നത്. ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്നത് നമ്പിനാരായണന്‍റെ മഹത്വം തന്നെയാണെന്നും എസ് വിജയൻ പരിഹസിച്ചു.
ALSO READ: നമ്പി നാരായണനായി മാധവൻ; റോക്കട്രി ദി നമ്പി ഇഫക്ട് റിലീസ്?
നമ്പി നാരായണനെതിരെ എസ് വിജയൻ
ഇപ്പോള്‍ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞതെല്ലാം നമ്പിനാരായണന്‍ പറയിപ്പിച്ചതാണ്. കേസില്‍ നമ്പി നാരായണന്‍ അറസ്റ്റിലാകുന്ന സമയത്ത് ചിക്കന്‍പോക്‌സ് പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആര്‍ക്കും വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗൂഢാലോചനയെന്ന് പറയുന്നതിന്‍റെ പിന്നിലെ സത്യാവസ്ഥ എല്ലാവര്‍ക്കും മനസിലാകുമെന്നും എസ് വിജയൻ വ്യക്തമാക്കി.
താന്‍ കേസിന്‍റെ അന്വേഷണം തുടങ്ങിയപ്പോള്‍ നമ്പിനാരായണന്‍ കേസില്‍ പ്രതിയല്ല. മാഹി സ്വദേശിനികളെ സംബന്ധിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീടുള്ള അന്വേഷണത്തില്‍ നമ്പി നാരായണന്‍ 46,000 രൂപയ്ക്ക് വിദേശത്തേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതിന് വിശദീകരണം തേടുക ആവശ്യമായിരുന്നുവെന്നും ഗസ്റ്റ് ഹൗസിലെ സ്യൂട്ട് റൂമിലാണ് നമ്പി നാരായണനെ പാര്‍പ്പിച്ചതെന്നും എസ് വിജയൻ പറഞ്ഞു.
ALSO READ: റോക്കട്രിക്കായി സംഗീതം ഒരുക്കി മാസിഡോണിയൻ സിംഫോണിക് ഓർക്കസ്ട്ര, വീഡിയോ പങ്കുവെച്ച് മാധവന്‍
മര്‍ദിച്ചെന്ന് പറയുന്നത് ശരിയല്ല. എന്ത് തരം അന്വേഷണവും നടക്കട്ടെ. സിബിഐ സമീപിച്ചാലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കും. കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് കേസില്‍ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനെ സംരക്ഷിച്ചതുകൊണ്ടാണ്.
സിബിഐ ഉദ്യോഗസ്ഥരെല്ലാം മികച്ചവരാണ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാം പുറത്തുവരുമെന്നും എസ് വിജയന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
എന്താണ് ചാരക്കേസ്?
ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ ശശികുമാരനും ഡോ നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്.
'റോക്കട്രി: ദി നമ്പി ഇഫക്ട്'
നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്'. ഐഎസ്ആർഒ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ നടൻ മാധവനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ അഭിനയത്തിന് പുറമെ സംവിധാനവും നിർമാണവും മാധവൻ തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ.