തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നല്‍കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിജെപി പ്രവർത്തകർ നദ്ദയ്ക്ക് സ്വീകരണം നല്‍കി. സ്ഥാനാർഥി നിർണയം, തെരഞ്ഞെടുപ്പ് സമിതി രൂപീകരണം എന്നിവ നദ്ദയുടെ വരവിന്‍റെ പ്രധാനലക്ഷ്യങ്ങളാണ്. ബിജെപി കേരളത്തില്‍ ലക്ഷ്യമിടുന്ന സീറ്റുകളിലേക്ക് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നുള്ളവരെ മത്സരിപ്പിക്കണം എന്ന കാര്യം ചർച്ചയാകും.
തിരുവനന്തപുരത്ത് നടക്കുന്ന കോർ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച തൃശൂരില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വയനാട് ജില്ലയില്‍ പര്യടനം തുടരുകയാണ്. ശബരിമല വിഷയം വീണ്ടും സജീവമാക്കാനാണ് ചെന്നിത്തല ഇന്നും ശ്രമിച്ചത്. വയനാട്ടില്‍ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ ചെന്നിത്തല പ്രധാനമായി ഉയർത്തിയ വിഷയവും ശബരിമലയാണ്. സംസ്ഥാന സർക്കാരിന് എതിരായ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും പ്രതിപക്ഷ നേതാവ് തല്‍ക്കാലം വിരാമമിട്ട ലക്ഷണമാണ്. എന്നാല്‍ ശബരിമല മുഖ്യവിഷയമായി ഉയർത്തിക്കൊണ്ടുവരാൻ തന്നെയാണ് കോൺഗ്രസിന്‍റെ തീരുമാനം.
പക്ഷേ വിട്ടുകൊടുക്കാൻ ബിജെപി തയ്യാറല്ല. ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദത്തിന് മറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തി. ശബരിമല വിഷയത്തില്‍ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും നിയമം കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കേരളത്തിലെത്തിയ ജെപി നദ്ദ, പിണറായി വിജയനെ ആക്രമിക്കാനാണ് ശ്രമിച്ചത്. കൊവിഡ് നേരിടുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നും പിണറായി ഭരണഘടനയെ ആക്രമിക്കുകയാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു. കോൺഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണമാണ് നദ്ദ കോൺഗ്രസിന് എതിരെ ഉന്നയിച്ചത്. എന്നാല്‍ അത്തരം ആരോപണങ്ങൾക്കൊന്നും മറുപടി നല്‍കാൻ ഇന്ന് സിപിഎം ശ്രമിച്ചില്ല.
സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചർച്ചകളുമായി സിപിഎം സംസ്ഥാന സമിതി തിരുവനന്തപുരത്ത് നടന്നു. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതി തീരുമാനം. എന്നാല്‍ വിജയം മാനദണ്ഡമാക്കിയാല്‍ രണ്ട് തവണ തുടർച്ചയായി മത്സരിച്ച മുഖങ്ങൾ ഇത്തവണയും ഉണ്ടാകുമെന്നുറപ്പാണ്. ലോക്‌സഭയിലേക്ക് മത്സരിച്ചവർക്കും നിയമസഭയിലേക്ക് അവസരം നല്‍കേണ്ടെന്നാണ് സിപിഎമ്മില്‍ ഉണ്ടായിരിക്കുന്ന ധാരണ.
അതോടൊപ്പം പാലാ സീറ്റിന്‍റെ പേരില്‍ പിണങ്ങി നിന്ന എൻസിപി സംസ്ഥാന ഘടകം അവരുടെ ദേശീയ അധ്യക്ഷൻ ശരദ്‌പവാറുമായി കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫ് വിടില്ലെന്നാണ് ചർച്ചയ്ക്ക് ശേഷം ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്താണ് അന്തിമ നിലപാട് എന്ന് ഇനിയും വ്യക്തമായിട്ടില്ല. യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പാർട്ടി തീരുമാനപ്രകാരം അദ്ദേഹം എംപി സ്ഥാനം രാജിവെച്ചത്.
സ്വർണക്കള്ളക്കടത്ത് മുതല്‍ ഡോളർകടത്ത് വരെയുള്ള കേസുകളില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഇന്ന് ജയില്‍ മോചിതനായി. എന്നാല്‍ ശിവശങ്കറിന്‍റെ ജാമ്യം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് പ്രതികരിച്ചത്. പിഎസ്‌സി നിയമനങ്ങൾ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ ആരോപണങ്ങൾ ശക്തമാകുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലവധി ആറ് മാസത്തേക്ക് നീട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതോടൊപ്പം ശ്രദ്ധേയമായത് നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തില്‍ ഉൾപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു എന്നതാണ് . നേരത്തെ ഹിന്ദു നാടാർ വിഭാഗങ്ങൾക്ക് മാത്രം ലഭിച്ചിരുന്ന സംവരണ ആനുകൂല്യം ഇനി ക്രൈസ്തവ സഭകളില്‍ ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കും ലഭിക്കും. ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശകൾ ഉദ്യോഗസ്ഥതല സമിതിക്ക് വിടാനും ഉടൻ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒബിസി സംവരണം, ശമ്പളപരിഷ്കരണം, പിഎസ്‌സി റാങ്ക് ലിസ്റ്റ് അടക്കമുള്ള വിഷയങ്ങളിലെ തീരുമാനം സർക്കാരിനും എല്‍ഡിഎഫിനും അനുകൂലമായി ഭവിക്കുമെന്നാണ് കരുതുന്നത്.