തിരുവനന്തപുരം: ആംബുലൻസുകളുടെ ദുരുപയോഗം കണ്ടെത്തുന്നതിന് സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ് (MVD conducting ambulance special drive). 'ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്' എന്ന പേരിലാണ് സംസ്ഥാനത്തിലുടനീളം ഡ്രൈവ് സംഘടിപ്പിയ്‌ക്കുന്നത്. ജനുവരി 10 മുതൽ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കർശന പരിശോധന നടത്തും.
ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അടിയന്തര ഘട്ടങ്ങളിൽ അല്ലാതെയുള്ള അമിത വേഗം, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ മുഴക്കൽ, ഭൗതിക ശരീരം വഹിച്ചു കൊണ്ടുപോകുന്ന ആംബുലൻസുകളിൽ സൈറൺ മുഴക്കൽ, മദ്യവും മറ്റ് ലഹരി വസ്‌തുക്കളും ഉപയോഗിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ (Motor Vehicle Department) സ്പെഷ്യൽ ഡ്രൈവ്.
റോഡ് സുരക്ഷയ്‌ക്കായി സർക്കാറും മോട്ടോർ വാഹന വകുപ്പും പരമാവധി ശ്രമിക്കുമ്പോഴും അപകടങ്ങൾ പതിവാണ്. ഇന്നലെ മുണ്ടക്കയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. മധുര സ്വദേശിയായ രാമകൃഷ്‌ണനാണ് അപകടത്തിൽ മരിച്ചത്. മുണ്ടക്കയത്തെ കോരുത്തോട്ടിലായിരുന്നു അപകടം. ഇന്നലെ (ജനുവരി 8) പുലര്‍ച്ചെ 12:30ഓടെ ആയിരുന്നു അപകടം.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടക്കയം കോരുത്തോട് റോഡിലെ ഇറക്കത്തില്‍ വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 25 പേർ ഉണ്ടായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രാമകൃഷ്‌ണനെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറക്കവും വലിയ വളവുകളും ഉള്ള മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.