തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മതവിരുദ്ധമായ വിശ്വാസവിരുദ്ധമായ ഒന്നും പാഠ്യ പദ്ധതിയില്‍ ഉണ്ടാവില്ലെന്നും സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. ജനങ്ങളാണ് വലുത്. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുമെന്നും പുത്തന്‍പള്ളി അറബി കോളജ് സന്ദര്‍ശിക്കുന്നതിനിടെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇപി ജയരാജനെതിരെ ഉണ്ടായ ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ച പുറത്ത് പറയേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വിഷയം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. അത് അവര്‍ തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശനം ഇന്നാണ് ആരംഭിച്ചത്. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ലഘുലേഘകളുടെ വിതരണത്തോടൊപ്പം ജനങ്ങളുമായി നേരിട്ട് സംവാദം നടത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. ജനുവരി 21 വരെ തുടരുന്ന ഗൃഹസന്ദര്‍ശനത്തില്‍ മന്ത്രിമാര്‍, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നാണ് വിവരം