തിരുവനന്തപുരം: ദേവഗൗഡയുടെ പ്രസ്‌താവന ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേവഗൗഡയുടെ പ്രസ്‌താവനയ്ക്ക് ഒറ്റവാക്കിലായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം (MV Govindan On HD Deve Gowda Statement).
കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്നും അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നുമുള്ള ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ പ്രസ്‌താവനയിലായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ദേവഗൗഡക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം ഉന്നയിച്ചു. ദേവഗൗഡയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ആരോപിച്ചു.
കാലങ്ങളായി ജനതാദള്‍ എസ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്‌ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദേവഗൗഡയുടെ പ്രസ്‌താവന അസംഭവ്യമെന്ന് മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസും പ്രതികരിച്ചിരുന്നു. പിണറായി വിജയന്‍റെ സമ്മതത്തോടെ ബിജെപിയോടൊപ്പം ചേർന്നുവെന്ന അഖിലേന്ത്യാ അധ്യക്ഷന്‍റെ പ്രഖ്യാപനം രസകരമായ വാർത്തയാണ്. കേരള രാഷ്ട്രീയത്തിൽ ഒട്ടനവധി തെറ്റായ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കാനിടയുള്ള പ്രസ്‌താവനയാണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെറ്റിദ്ധാരണ കൊണ്ടോ പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ കാരണമുണ്ടായ പിശകോ ആകാം ഇതെന്ന് ഞങ്ങൾ കരുതുന്നു. മുഖ്യമന്ത്രി അങ്ങനെയൊരു അനുമതി നൽകേണ്ട ഒരാവശ്യവുമില്ല. അനുമതി തേടേണ്ട ആവശ്യവുമില്ല.
മുഖ്യമന്ത്രിയും ജെഡി എസിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും തമ്മിൽ എന്തെങ്കിലും ആശയവിനിമയം നടന്നിട്ട് മാസങ്ങളായി. മുഖ്യമന്ത്രിയുടെയോ ജെഡിഎസിന്‍റെയോ മന്ത്രി കൃഷ്‌ണൻ കുട്ടിയുടെയോ അനുമതി ഉണ്ടായി എന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിച്ച് കെ.സി വേണുഗോപാല്‍: കോണ്‍ഗ്രസിന്‍റെ ആരോപണം ശരിവയ്‌ക്കുന്നതാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ (KC Venugopal On HD Deve gowda Statement) പറഞ്ഞു.
പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ പുറത്താക്കാത്തത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിനും വ്യക്തമായ അറിവുള്ളത് കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.