തിരുവനന്തപുരം : ദേവികുളം നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന കെപിസിസി വയനാട്ടിലും ആ വഴി തേടുമോയെന്ന് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നടപടി ജനാധിപത്യവിരുദ്ധവും നിയമവാഴ്‌ചയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.
നടപടി ബിജെപിക്ക് ശക്തിപകരാന്‍ : കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കെപിസിസിയുടെ നിലപാട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യം തകര്‍ത്ത് ബിജെപിക്ക് ശക്തിപകരാനാണ് കെപിസിസിയുടെ ശ്രമമെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വിമര്‍ശനം കടുപ്പിച്ച് : അപകീര്‍ത്തിക്കേസ് മറയാക്കി പ്രതിപക്ഷ എംപിമാരെ അയോഗ്യനാക്കാന്‍ ബിജെപി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. രാഹുല്‍ ഗാന്ധി വിഷയത്തിൽ മാത്രമല്ല ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചതിനെയും, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സിപിഎം നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ഇത്തരം നടപടികള്‍ക്ക് സാധുത നല്‍കുന്നതാണ് കെപിസിസി കൈക്കൊള്ളുന്ന നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്‍റിന്‍റെ ആര്‍എസ്‌എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണെന്നും എം.വി. ഗോവിന്ദൻ പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
കത്തിന് പിന്നില്‍ : എന്നാല്‍ ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം എ.രാജ അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്‍റെ കത്ത്.
തെരഞ്ഞെടുപ്പ് അസാധുവാക്കിയത് എങ്ങനെ : അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കുന്നത്. മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി വിജയിച്ചുകയറിയ എ.രാജ തെറ്റായ ക്രിസ്‌തീയ രേഖകള്‍ സമര്‍പ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
എ.രാജ ക്രിസ്‌തുമത വിശ്വാസികളായ അന്തോണി, എസ്‌തര്‍ ദമ്പതികളുടെ മകനായാണ് ജനിച്ചതെന്നും രാജയുടെ ഭാര്യ ഷൈനിയും ക്രിസ്‌തുമത വിശ്വാസിയാണെന്നും ക്രൈസ്‌തവ വിശ്വാസപ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നതെന്നും ആരോപിച്ചായിരുന്നു ഡി.കുമാര്‍ കോടതിയെ സമീപിച്ചത്. രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറയാനാകില്ലെന്നും പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും ഇതുപരിഗണിച്ച് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജയുടെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നുവെന്നും കോടതി അറിയിച്ചിരുന്നു. മാത്രമല്ല ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.