തിരുവനന്തപുരം : ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കാന്‍ മടിക്കില്ലെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം. തെറ്റായ പ്രവണത സൃഷ്‌ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.
രാജ്ഭവന്‍ രാജ്യത്തെ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുകയാണ്. ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത്തരം ഇടപെടലുകളെ ഇടതുപക്ഷം ചെറുത്തുതോല്‍പ്പിക്കും.
Also Read: 'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ
ആര്‍എസ്എസുകാരനാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ഗവര്‍ണര്‍. അതുകൊണ്ടുതന്നെ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നയാളെന്ന് ഗവര്‍ണര്‍ക്കെതിരെ ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ് മന്ത്രിമാരെ നിയമിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് മന്ത്രിമാര്‍. ജനങ്ങളോടാണ് മന്ത്രിമാര്‍ക്ക് ഉത്തരവാദിത്വം. അല്ലാതെ കൊളോണിയല്‍ കാലത്തിന്‍റെ അവശിഷ്‌ടങ്ങളായ പദവികളോടല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ അടിയന്തരമായി സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് പിന്‍വലിക്കണമന്നും സിപിഎം ആവശ്യപ്പെട്ടു.