തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan against Congress). ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെയാണ്. അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. സോളാർ വിഷയം ഉന്നയിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിന്‍റെ പിന്നിലും ഈ ലക്ഷ്യമാണെന്നും ഗോവിന്ദൻ ആരോപിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള സിപിഎമ്മിന്‍റെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദൻ ഇക്കാര്യം ആരോപിച്ചത്.
സോളാർ കേസ് (Solar Case) ഉയർത്തിയതിനു പിന്നിൽ കോൺഗ്രസ് നേതൃത്വമാണ്. അധികാര മോഹികളായ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗമാണ് സോളാർ കേസ് ഉയർന്നു വന്നതിനു പിന്നിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയിച്ചതിന്‍റെ തിളക്കം ഇല്ലാതാക്കാനാണ് സോളാർ ഗൂഢാലോചന ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞയുടെ അന്നു തന്നെ ഉന്നയിച്ചത്. ഇതിന് പിന്നിലെ കാരണം യുഡിഎഫിൽ ഇപ്പോൾ സജീവ ചർച്ചയായിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്നെ തുടരന്വേഷണം വേണ്ട എന്ന നിലപാടാണ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും (V D Satheeshan) ഇത് വീണ്ടും ചർച്ചയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു വരികയാണ്. ഉമ്മൻചാണ്ടിയെ മരണശേഷവും വേട്ടയാടുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഗോവിന്ദൻ ആരോപിച്ചു. അടിയന്തര പ്രമേയം ചർച്ച ചെയ്യാം എന്ന് സർക്കാർ നിലപാട് എടുത്തതോടെ ഒന്നും പറയാനില്ലാതെ പ്രതിപക്ഷം ഒളിച്ചോടുന്ന കാഴ്‌ചയാണ് കണ്ടത്. ഇപ്പോൾ അതിന്‍റെ ഭാഗമായുള്ള ഗ്രൂപ്പ് തിരിഞ്ഞ പ്രവർത്തനമാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.