തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെയുള്ള വാര്‍ത്തകള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വീണയുടേത് നിയമപരമായി ഉണ്ടാക്കിയ കരാറാണ് എന്നാല്‍ പിണറായി വിജയന്‍റെ മകള്‍ ആയതുകൊണ്ടാണ് ഈ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം എകെജി സെന്‍ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ മുഖ്യമന്ത്രിയെ എങ്ങനെ പ്രതിക്കൂട്ടിലാക്കാമെന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. തെരഞ്ഞെടുപ്പ് വരെ ഇത്തരം കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കുമെന്നും അത് വെറും രാഷ്ട്രീയം മാത്രമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സിഎംആർഎല്ലിന്‍റെ കെഎസ്‌ഐഡിസി നിക്ഷേപം 1991 മുതൽ 1995 വരെയാണ്. 75 ലധികം കമ്പനികളിൽ ഇത്തരത്തിൽ കെഎസ്ഐഡിസിക്ക് നിക്ഷേപമുണ്ട്. സിഎംആർഎല്ലിൽ നിന്ന് 5 കോടി രൂപ ഡിവിഡന്‍റായി ഇതുവരെ ലഭിച്ചു. അധിക്ഷേപം നിയമപരമാണെന്ന് സൃഷ്‌ടിച്ച് മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള വഴി ഇതാണെന്ന് വരുത്തി തീർക്കുകയാണെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വിവാദങ്ങൾ തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് മാത്രമാണ്. കരുവന്നൂർ കേസിലെ ഒന്നാം പ്രതിയെ മാപ്പ് സാക്ഷിയാക്കി. സ്വർണക്കടത്ത് കേസിലും സമാനമായി സ്വപ്‌ന സുരേഷിനെ മാപ്പ് സാക്ഷിയാക്കി. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന് സമ്മതിക്കുന്നുണ്ടെന്നും എന്നാൽ പിണറായി ഇത് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥാപിതമായ സംവിധാനത്തിനാണ് ആദായ നികുതി ഇളവ് നൽകിയത്. ഇതൊന്നുമില്ലാതെ പണം നൽകിയത് വാർത്തയാകുന്നില്ല. മാധ്യമങ്ങൾക്ക് 16 കോടി നൽകിയതായും റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയതും രസീത് നൽകിയതായും സമ്മതിക്കുകയും ചെയ്‌തു.
ഗായിക ചിത്രക്കെതിരെയുള്ള വിവാദങ്ങളിലും പ്രതികരണം: അയോധ്യ വിഷയത്തില്‍ ഗായിക ചിത്ര തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നതിനെ കുറിച്ചും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സ്വന്തം നിലപാടുകളുടെ പേരില്‍ കലാകാരന്മാരെ ആക്രമിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നിലപാടുകള്‍ ആര്‍ക്ക് വേണമെങ്കിലും തുറന്ന പറയാം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുമാകാം.
എന്നാല്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വ്യക്തിപരമായി ആക്രമിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് വിശ്വാസത്തെ രാഷ്‌ട്രീയവത്‌കരിക്കാനാണ്. ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണെന്ന് ശങ്കരാചാര്യർ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
Also Read: എക്‌സാലോജിക്ക് വിവാദം; ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുന്നു, തെരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ അങ്കം