തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാർഡ് നിര്‍മിക്കപ്പെട്ടത് വളരെ ഗൗരവകരമായ പ്രശ്‌നമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ എത്ര വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കുമായിരിക്കുമെന്നും പൊതു തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് എകെജി സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി ഇടപെടണം. ജനങ്ങൾക്ക് വലിയ ഉത്കണ്‌ഠ ഉണ്ടാക്കുന്ന കാര്യമാണിതെന്നും അപകടകരമായ വ്യാജ നിർമിതിയാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരള ബാങ്കിന്‍റെ ഭരണ സമിതിയിൽ മുസ്‌ലിം ലീഗ് നേതാവ് പി അബ്‌ദുൽ ഹമീദിനെ നാമനിർദേശം ചെയ്‌ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും സഹകരിപ്പിക്കും.
സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് കേന്ദ്ര നീക്കം. ഇതിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അവസരവാദപരമായ ഒരു നിലപാടും സിപിഎമ്മിന് ഇല്ല. മുസ്‌ലിങ്ങളോടും ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ലോകമെമ്പാടുമുള്ള മനുഷ്യരോടും തനിക്ക് പ്രണയമാണ്. മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാർക്‌സിസ്റ്റുകാർ. ഒരു വിഭാഗക്കാരോട് മാത്രം മമതയോ ശത്രുതയോ ഇല്ല.
പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ജനങ്ങൾ ആവേശത്തോടെ പങ്കെടുത്തു. വിലക്ക് കൽപ്പിച്ച പാർട്ടികളിലെ സാധാരണക്കാർ വരെ പങ്കെടുത്തു. ഇനിയും പരിപാടികൾ സംഘടിപ്പിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മറിയക്കുട്ടിയുടെ പെന്‍ഷന്‍ വിഷയത്തിലും പ്രതികരണം: വിധവ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്ന വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തെറ്റുപറ്റിയാൽ പറ്റിയെന്ന് പറഞ്ഞ് തിരുത്തും. അതുപോലെ വേറെ ആരെങ്കിലും ചെയ്യുമോയെന്നും ചോദിച്ചു. തെറ്റ് പറ്റിയപ്പോൾ പരസ്യമായി തന്നെയാണ് ഖേദം പ്രകടിപ്പിച്ചതും മാപ്പ് പറഞ്ഞതും. തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്ന് പറഞ്ഞുകൊണ്ട് തിരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള ബസ് വിവാദം മറുപടി ഉദ്ദേശിക്കുന്നില്ല: നവകേരള സദസ് യാത്രയ്ക്ക് ആഡംബര ബസ് വാങ്ങുന്നുവെന്ന ആരോപണങ്ങളില്‍ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്‍റെ സ്വത്തായി ഉപയോഗിക്കാനാണ് ബസ്. ബസിൽ രഹസ്യമൊന്നുമില്ലെന്നും മറച്ചു വയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതൽ ബസ് എല്ലാവർക്കും കാണാമല്ലോ. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവയ്പ്പാണ് നവകേരള സദസ്. ലോകത്തിൽ ആർക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. നവകേരള സൃഷ്‌ടിക്ക് തടസം നിൽക്കുന്നവരെയെല്ലാം തുറന്നു കാട്ടും.
കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും നവകേരള സദസില്‍ അണിചേരണം. സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ് പിണറായി സർക്കാർ രണ്ടുവർഷവും പുറപ്പെടുവിച്ചു. ജനകീയ ഓഡിറ്റ് പോലെയാണ് അവതരിപ്പിച്ചത്. പ്രകടന പത്രികയിലെ 600 ൽ 20 കാര്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം പൂർത്തിയാക്കി. അത് വലിയ നേട്ടമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
also read: ഇടതു സര്‍ക്കാരിന്‍റെ അന്ത്യയാത്ര; നവകേരള യാത്രയെ പരിഹസിച്ച് കെ സുരേന്ദ്രന്‍