തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആലപ്പുഴയിലെ സിപിഎം നഗരസഭ കൗൺസിലർ എ ഷാനവാസിൻ്റെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല. എല്ലാം തിരുത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകും. പ്രാഥമിക നടപടിയുടെ ഭാഗമായാണ് ഷാനവാസിനെ സസ്പെൻഡ് ചെയ്‌തത്.
ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഈ മാസം 9ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിൽവച്ച് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്‌തുക്കൾ പിടികൂടുന്നത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്‍റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെന്‍റർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പാർട്ടി ജില്ല നേതൃത്വവും ഇടപെട്ടിരുന്നു. ആലപ്പുഴ ഏരിയാ കമ്മിറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്‌തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.
വാർത്താസമ്മേളനത്തിൽ കോൺഗ്രസ് എംപിമാരെയും എംവി ഗോവിന്ദൻ വിമർശിച്ചു. കോൺഗ്രസ് എംപിമാർ കേരളത്തിൽ പരമ ദയനീയമായിരുന്നു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോൺഗ്രസ് എംപിമാരുടെ പ്രവർത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസിലായവർ ആദ്യമാദ്യം പറയുന്നുവെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.
അതേസമയം കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥക്കൊരുങ്ങുകയാണ് സിപിഎം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എംവി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ. കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ.
കേന്ദ്ര സർക്കാരിന്‍റെയും ആർഎസ്‌എസിന്‍റെയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പികെ ബിജു, എം സ്വരാജ്, കെടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ.