തിരുവനന്തപുരം: മുട്ടിൽ മരംമുറി ഫയലുകൾ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചു. റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിച്ചത്.
ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രിക്ക് യോഗ്യ അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏപ്രില്‍ മാസത്തിലാണ് ശാലിനിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചത്.
ALSO READ: വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ ശാലിനിയോട് രണ്ടു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും പിന്‍വലിച്ചത്.
ALSO READ: സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിൽ സ്ഥലം മാറ്റം
നേരത്തെ ശാലിനിയടക്കം റവന്യൂ വകുപ്പിലെ അഞ്ച്പേരെ മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പിൽ മൂന്ന് വർഷം പൂർത്തിയാക്കിവരെ മാറ്റാനുള്ള റവന്യു സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.