തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇന്ന് (ജൂലൈ 22) രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന അഭി, മൊയ്‌ദീൻ എന്നിവർ രക്ഷപ്പെട്ടു. ശക്തമായ തിരയടിയിൽപ്പെട്ടാണ് വള്ളത്തിന്‍റെ നിയന്ത്രണം നഷ്‌ടമായത്.
പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളത്തിൽ നിന്ന് അഭി കടലിലേക്ക് വീണു. ഇയാൾ നീന്തി കരയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ സമീപത്ത് മറ്റ് വള്ളങ്ങൾ ഉണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം കുറച്ചത്. അഭിയേയും മൊയ്‌ദീനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയുടെ വടക്കായി സ്ഥിതി ചെയ്യുന്ന മുതലപ്പൊഴിയില്‍ ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാലുപേര്‍ മരിച്ചത്. രണ്ടുമാസത്തിനിടെ നടക്കുന്ന പത്താമത്തെ അപകടമായിരുന്നു ഇത്. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ഈ അപകടം വളരെ ചര്‍ച്ചയാകുകയും ചെയ്‌തിരുന്നു.
മരണച്ചുഴിയാകുന്ന മുതലപ്പൊതിയില്‍ ശാശ്വതമായ പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യവും ശക്തമാണ്. നിരവധി അപകടങ്ങള്‍ നടന്ന മുതലപ്പൊഴിയില്‍ കോസ്റ്റല്‍ പൊലീസിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഒരു ബോട്ടു പോലും ഇല്ല എന്നത് സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഈ മാസം നടന്ന അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് എത്തിയ മന്ത്രിമാരായ ജി ആര്‍ അനിലിനും ആന്‍റണി രാജുവിനും നേരെ പ്രതിഷേധം ഉണ്ടായിരുന്നു. മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെ മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികള്‍ ഷോ കാണിക്കരുത് എന്ന് പറഞ്ഞത് പ്രതിഷേധം കടുക്കാന്‍ ഇടയാക്കി.
പുലര്‍ച്ചെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കോസ്റ്റല്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായി എന്നാരോപിച്ചായിരുന്നു മത്സ്യത്തൊഴികള്‍ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം ഉയര്‍ത്തിയത്. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പ്രതിഷേധം വാക്കുതര്‍ക്കമായി മാറുകയായിരുന്നു. ഇതിനിടെയാണ് തൊഴിലാളികള്‍ ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ പറഞ്ഞത്.
ജൂണില്‍ മാത്രം ആറ് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ സംഭവിച്ചത്. കഠിനംകുളം കായലും അറബിക്കടലും ചേരുന്ന മുതലപ്പൊഴിയില്‍ 2015ലാണ് പുലിമുട്ട് സ്ഥാപിച്ചത്. ഇതിന് ശേഷം ഇവിടെ 60 പേര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്കുകള്‍. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ചെറിയ അപകടങ്ങള്‍ വേറെയും.
പുലിമുട്ട് ഉണ്ടായിട്ടും അപകടം നടക്കുന്ന മുതലപ്പൊഴിയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിക്കൊണ്ട് വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകുന്നതിനായി പുലിമുട്ട് പൊളിക്കുകയുണ്ടായി. പിന്നാലെ അപകടങ്ങള്‍ പതിവാകുകയായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അപകടങ്ങള്‍ പതിവായതോടെ ഇതുവഴി കടലില്‍ പോകാന്‍ തങ്ങള്‍ക്ക് പേടിയാണെന്നും തൊഴിലാളികള്‍ പറയുന്നു.