തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വള്ളം മറിഞ്ഞ് കടലിൽ വീണ ജോൺസൺ എന്നയാളെ മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ഇയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിയമസഭയിൽ മന്ത്രി സജി ചെറിയാൻ : മുതലപ്പൊഴിയിൽ മണ്ണും കല്ലും നീക്കം ചെയ്യുന്ന നടപടി തുടരുന്നുവെന്നും അപകടമുണ്ടായാൽ അടിയന്തരമായി ഇടപെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ചോദ്യത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിൽ സുരക്ഷ സംവിധാനത്തിനായി മൂന്ന് വള്ളം അധികമായി അനുവദിച്ചുവെന്നും 56 ലക്ഷം രൂപ റോഡ് നിർമാണത്തിന് അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴിയിൽ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഡിസംബറിൽ അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നിരന്തരം അപകടത്തിൽപ്പെടുന്നത് ചർച്ച ചെയ്യാനായി മന്ത്രിതല ചർച്ച നടത്തിയിരുന്നു. തുടർന്ന് മുതലപ്പൊഴിയിൽ അടിയന്തര ഇടപെടൽ വേണമെന്ന് അദാനി ഗ്രൂപ്പിന് നിർദേശം നൽകുകയും ചെയ്‌തു.
മുതലപ്പൊഴിയിൽ ഡ്രെഡ്‌ജിങ് പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിൽ അദാനി ഗ്രൂപ്പ് പ്രതിനിധികളോട് വിശദീകരണവും തേടിയിരുന്നു. മൺസൂൺ ആരംഭിച്ചതോടെ മണ്ണ് നീക്കാൻ സാധിക്കാതെ വരികയായിരുന്നു എന്നായിരുന്നു വിഷയത്തിൽ അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. മൺസൂൺ സീസൺ തീരുന്നത് വരെ കാത്തുനിൽക്കരുതെന്നും പൊഴിയിൽ തകർന്നുവീണ കല്ലുകൾ വേഗത്തിൽ തന്നെ നീക്കം ചെയ്യണമെന്നും ചർച്ചയിൽ നിർദേശം നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 1 മുതൽ മുതലപ്പൊഴിയിൽ പാറകൾ നീക്കി തുടങ്ങിയിരുന്നു. ഇതിനായി ലോങ് ബൂം ക്രെയിനുകൾ എത്തിച്ചിരുന്നു.
തുടർക്കഥയായി അപകടങ്ങൾ : ശക്തമായ തിരയിൽപ്പെട്ട് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. അതേസമയം, നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുതലപ്പൊഴിയിൽ അപകടം നടക്കുന്ന പ്രദേശത്തെ ആഴം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഓഗസ്റ്റ് 8നാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ കുടുങ്ങിയത്.
മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ടിൽ കെട്ടി വലിച്ചാണ് കടലിൽ കുടുങ്ങിയ ബോട്ടിനെ തീരത്ത് എത്തിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നു. 19 നോട്ടിക്കൽ മൈൽ ദൂരെയാണ് വള്ളം കുടുങ്ങിയത്. ശാന്തിപുരം സ്വദേശിയുടെ കടലമ്മ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ഓഗസ്റ്റ് 7ന് നാല് മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം തലകീഴായി മറിഞ്ഞ് അപകടം നടന്നിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന നാല് പേരും നീന്തി രക്ഷപ്പെട്ടു. സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് മറിഞ്ഞത്. മണികണ്‌ഠൻ, ജോസ്ഫ്രിൻ, ജസ്റ്റിൻ, ജോർജ് എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്ന് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിക്കുകയായിരുന്നു.
ഈ മാസം മൂന്നിനാണ് വർക്കല സ്വദേശികളായ 16 പേർ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. വർക്കല സ്വദേശി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം ശക്തമായ തിരയിൽ മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്‍റും സംയുക്തമായി നടത്തിയ രക്ഷപ്രവർത്തനത്തിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
ജൂലൈ 22, 30, 31 തീയതികളിലും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്‌ടപ്പെട്ടാണ് ജൂലൈ 22ന് അപകടം ഉണ്ടായത്.
Also read : മുതലപ്പൊഴിയിൽ കടലിൽ കുടുങ്ങിയ വള്ളം കരയ്‌ക്കെത്തിച്ചു ; മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ