തിരുവനന്തപുരം: മതപരമായ വികാരമുയര്‍ത്തി സ്വര്‍ണക്കടത്തില്‍ നിന്ന് വഴിതിരിച്ചു വിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും. ഇപ്പോഴത്തെ പ്രശ്‌നം സ്വര്‍ണക്കടത്താണ്.
ഖുര്‍ആന്‍ മറയാക്കി അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേരളം വെള്ളരിക്കാപ്പട്ടണമല്ല. ഖുര്‍ആന്‍ എന്ന വിഷയമുയര്‍ത്തി ബി.ജെ.പിക്ക് മുതലെടുപ്പിനുള്ള അവസരമാണ് സിപിഎം ബോധപൂര്‍വം നടത്തുന്നത്. ഖുര്‍ആനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തുന്നതിനെ മതനേതാക്കളാരും അനുകൂലിച്ചിട്ടില്ല. ഖുര്‍ആന്‍ വിദേശത്ത് നിന്ന് കൊണ്ടു വരുന്നത് ഇതാദ്യമല്ല. അല്ലാതെ ഇത് സി.പി.എമ്മിന്‍റെ ഔദാര്യമല്ല. പക്ഷേ അത് ഇറക്കുമതി ചെയ്യുന്നതിന് ഡ്യൂട്ടി അടയ്ക്കണം. സ്വപ്‌ന സുരേഷ് വഴി നയതന്ത്ര ചാനലിലൂടെയല്ല കൊണ്ട് വരേണ്ടത്. ഡ്യൂട്ടിയടച്ച് നേരെ ചെവ്വേ പരസ്യമായി വിശുദ്ധ ഗ്രന്ഥം വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടിയും മുനീറും പറഞ്ഞു.