തിരുവനന്തപുരം : മാനവീയം വീഥിയുടെ നവീകരണത്തിന് ശേഷം ഒരു മാസത്തിനിടെ 8 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് മ്യൂസിയം പൊലീസിന്‍റെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 27 നായിരുന്നു നവീകരിച്ച മാനവീയം വീഥി മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും പങ്കെടുത്ത് കൊണ്ട് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്.
നവീകരണത്തിന് ശേഷം നൈറ്റ് ലൈഫ് സജീവമാകുന്നത് വരെ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മാനവീയത്ത് നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 8 കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ രണ്ട് കേസുകള്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമമാണ്. പൊതുവിടത്ത് മദ്യപിച്ചതിനും കേസുകളുണ്ട്.
രാത്രി ഗതാഗതം നിരോധിച്ചിട്ടുള്ളതിനാല്‍ മാനവീയത്തില്‍ എത്തുന്നവര്‍ സമീപത്തെ വഴികളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവര്‍ ഇവിടങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതായും പ്രദേശത്ത് ഒഴിഞ്ഞ മദ്യ കുപ്പികള്‍ ഉപേക്ഷിച്ച് മടങ്ങുന്നതായും സമീപ പ്രദേശങ്ങളിലെ റസിഡന്‍റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ മ്യൂസിയം പൊലീസിനോട് വാക്കാല്‍ പരാതിപ്പെട്ടതായാണ് വിവരം. പൊലീസ് എയിഡ് പോസ്റ്റ് മാനവീയത്തില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും അര്‍ധരാത്രി എത്തുന്നവരില്‍ മദ്യപരുടെ സംഘം ഇതു വകവയ്ക്കാതെ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി മ്യൂസിയം പൊലീസ് പറയുന്നു.
മാനവീയത്തില്‍ സുരക്ഷ ഒരുക്കുമ്പോള്‍ നൈറ്റ് ലൈഫിനെ ബാധിക്കരുതെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ സര്‍ക്കുലര്‍ നിലവിലുണ്ട്. നിയന്ത്രണങ്ങള്‍ കൊണ്ടു വരാതെ സുരക്ഷ ഒരുക്കാനാവില്ലെന്നാണ് പൊലീസിന്‍റെ പക്ഷം. ഇക്കഴിഞ്ഞ ശനിയാഴ്‌ച നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ക്ക് അനുമതി തേടി കമ്മിഷണര്‍ക്ക് മ്യൂസിയം പൊലീസിന്‍റെ റിപ്പോര്‍ട്ട്.
ശനിയാഴ്‌ച പുലര്‍ച്ചെ നടന്ന സംഘര്‍ഷത്തില്‍ കരമന സ്വദേശിയായ ശിവ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഒന്നിലധികം കലാപരിപാടികള്‍ നടത്താനുള്ള അനുവാദം നല്‍കരുതെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളും കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.