തിരുവനന്തപുരം: മ്യൂസിയത്ത് യുവതിയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറിന്‍റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. കോടതിയിൽ അപേക്ഷ നൽകിയ ശേഷമാകും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇന്ന് തന്നെ പ്രൊഡക്ഷൻ വാറന്‍റും കസ്റ്റഡി അപേക്ഷയും നൽകാനാണ് നീക്കം. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഡിസംബറിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സന്തോഷിന്‍റെ വിരലടയാളം ഫോറൻസിക് ലാബിന് അയച്ചിട്ടുണ്ട്. കുറവൻകോണത്ത് വീടിനുള്ളിൽ കയറി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് കേസ്. അന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്‍റെ വിരലടയാളവും സാമ്യമായാൽ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തും.