തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് (40) തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞത്.
ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിത ഡോക്ടര്‍ക്ക് നേരേയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നു. എൽഎംഎസ് ജങ്ഷനില്‍ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.
ജലഅതോറിറ്റിയുടെ ഇന്നോവ കാറിലാണ് സംഭവ ദിവസം സന്തോഷ് സഞ്ചരിച്ചത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ്. വാട്ടര്‍ അതോറിറ്റിയില്‍ കരാര്‍ വ്യവസ്ഥയിലും ഇയാള്‍ ജോലി ചെയ്യുകയാണ്. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.