തിരുവനന്തപുരം: കൊലയ്ക്ക് ശേഷം നാട് വിട്ട പ്രതിയെ ഏഴു വർഷങ്ങൾക്ക് ശേഷം അബുദാബിയിൽ നിന്ന് പിടികൂടി. മീൻവണ്ടി കൊള്ളയടിച്ച് കരാറുകാരനായ അഷ്‌റഫിനെ കൊലപ്പെടുത്തിയ ശേഷം നാട് വിട്ട കന്യാകുമാരി തൂത്തുർ സ്വദേശി കിൻസ്‌റ്റിൻ സ്‌റ്റീഫനെയാണ് ഇന്‍റർപോളിന്‍റെ സഹായത്തോടെ പാറശാല പൊലീസ് പിടികൂടിയത്.
2013-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പാറശാലയിൽ രാത്രി റോഡരികിൽ നിർത്തിയിട്ട മീൻ ലോറി ആക്രമിച്ചാണ് പ്രതി കേരളത്തിൽ കൊലപാതകം നടത്തിയത്. സംഘത്തിലെ മറ്റു പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. 2018ൽ കേരള പൊലീസിന്‍റെ ആവശ്യപ്രകാരം ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണത്തിനിടെയാണ് ഇയാൾ അബുദാബി പൊലീസിന്‍റെ പിടിയിലാകുന്നത്.
കഴിഞ്ഞ ദിവസമാണ് കിൻസ്‌റ്റിൻ പിടിയിലായ വിവരം കേരള പൊലീസ് അറിയുന്നത്. കൊല്ലപ്പെട്ട അഷ്‌റഫിന്‍റെ സുഹൃത്തുക്കൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ്‌പി.ബി അശോക് കുമാർ ഇന്‍റർപോളിനെ സമീപിക്കുകയായിരുന്നു.ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പ്രമോദ്‌കുമാറിന്‍റെ നേതൃത്വത്തിൽ പാറശാല സി.ഐ കണ്ണൻ ഉൾപ്പടെ നാലംഗ പൊലീസ് സംഘം അബുദാബിയിൽ എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടികൾക്ക് ശേഷം പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.