തിരുവനന്തപുരം: മോദി സ്തുതിയില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിന് മറുപടിയുമായി വീണ്ടും കെ. മുരളീധരന്‍ എം.പി. തിരുവനന്തപുരം ഒരു കോണ്‍ഗ്രസ് മണ്ഡലമാണ്. പച്ചമലയാളം മാത്രമറിയുന്ന എ ചാള്‍സ് തുടര്‍ച്ചയായി മൂന്ന് തവണയാണ് ഇവിടെ ജയിച്ചത്. വടകര ഒരു സി.പി.എം മണ്ഡലവും. ഈ രണ്ടു മണ്ഡലങ്ങളിലും പാതിരാത്രി വരെ ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു ചെയ്തത് മോദിയെ തോല്‍പ്പിക്കാനാണ്. പക്ഷേ തങ്ങളാരും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയുന്നവരല്ലെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ മോദിയെ വിമര്ശിച്ചതിന്റെ 10 ശതമാനം പോലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചിട്ടില്ലെന്ന തൂരിന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്കു മനസിലാകുന്ന തരത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വിമര്‍ശിച്ചിട്ടുണ്ടെന്ന് മുരളീധരന്‍. ഇത് മോദിക്കും അറിയാം. മന്‍മോഹന്‍സിംഗ് 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടപ്പാക്കിയ ഏതെങ്കിലുമൊരു കാര്യം നല്ലതാണെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും കടന്നാക്രമിക്കുന്ന മോദിയുടെ എന്ത് നല്ലവശമാണ് കോണ്‍ഗ്രസ് വാഴ്‌ത്തേണ്ടത്.
തരൂരിന്‍റേത് പുകഴ്ത്തല്‍ മാത്രമാണ്. ഒരു രീതിയിലും അഭിനന്ദിക്കപ്പെടേണ്ട ആളല്ല നരേന്ദ്രമോദി. അതിന് കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് വിട്ടുപോയ സന്ദര്‍ഭത്തില്‍ പോലും താന്‍ ബി.ജെ.പിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഒരിക്കലും തന്റെ ഭാഗത്തു നിന്ന് അതുണ്ടാകില്ല. വട്ടിയൂര്‍കാവില്‍ താന്‍ രണ്ടു തവണ മത്സരിച്ചപ്പോഴും അവിടെ തരൂരിനെ കണ്ടിട്ടില്ല. തരൂരില്ലെങ്കിലും വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കും. കോണ്‍ഗ്രസ് നേതൃത്വം യോജിച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.