തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 56 ദിവസം നീണ്ടുനിന്ന മുറജപത്തിന് സമാപനം. ലക്ഷദീപസമർപ്പണത്തോടെയാണ് മുറജപം സമാപിച്ചത്. ആറ് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
വൈകിട്ട് ആറ് മണിയോടെയാണ് പ്രധാന ഗോപുരത്തിലും നടകളിലും ദീപങ്ങൾ തെളിയിച്ചത്. ദീപാലങ്കാരത്തിന് വൈദ്യുത ദീപങ്ങളും നിലവിളക്കുകളും ചിരാതുകളും ഉപയോഗിച്ചു. നവംബർ ഇരുപത്തിയൊന്നിനാണ് മുറജപം ആരംഭിച്ചത്. ലക്ഷദീപ ദർശനത്തിനായി വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരും എത്തിയിരുന്നു. ആദ്യമായി ദീപം തെളിക്കാനായതിന്റെ സന്തോഷവും ഭക്തർ പങ്കുവച്ചു. എട്ട് ദിവസം കൂടുന്ന ഏഴ് മുറകളിലൂടെയുള്ള വേദോച്ചാരണമാണ് മുറജപം. ദക്ഷിണേന്ത്യയിലെ വിവിധ വേദപാഠ ശാലകളിൽ നിന്നുള്ള വൈദികരാണ് വേദങ്ങൾ ഉരുക്കഴിച്ചത്.